
കടയ്ക്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടുക്കൽ നേടും പച്ച വീട്ടിൽ കൃഷ്ണ മൂർത്തി-മിനി ദമ്പതികളുടെ മകൻ മിഥുൻ കൃഷ്ണയാണ് (28) മരിച്ചത്. ഇന്നലെ വൈകിട്ട് 4.15ന് കടയ്ക്കൽ മടത്തറ റോഡിൽ ദർപ്പക്കാട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസ് ഡ്രൈവറായ മിഥുൻ ബൈക്കിൽ കടയ്ക്കലിൽ നിന്ന് ചിതറയിലേക്ക് പോകുന്ന വഴിയിൽ എതിർ ദിശയിൽ നിന്ന് വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ഫോർച്യുണർ കാർ മറ്റൊരു കറിനെ മറികടന്ന് മിഥുൻ ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് മുകളിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ മിഥുനിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കടയ്ക്കൽ പൊലീസ് കേസെടുത്തു.