കൊല്ലം: ബീച്ചും പരിസരങ്ങളും ഇരുട്ടിലായി മാസങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ. പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റും പാർക്കിനോട് ചേർന്നുള്ള ലൈറ്റും കണ്ണടച്ചിട്ട് ആറുമാസത്തോളമാകുന്നു.
പാർക്കിംഗ് ഗ്രൗണ്ട് ആരംഭിക്കുന്ന ഭാഗത്തെ ലൈറ്റ് മാത്രമാണ് നിലവിൽ പ്രകാശിക്കുന്നത്. ബീച്ചിൽ നിന്ന് മാറിയ ഈ ഭാഗത്ത് ഇരുട്ടായതിനാൽ രാത്രികാലങ്ങളിൽ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സഞ്ചാരികൾ മടിക്കുന്നു. ഇത് മുതലെടുത്ത് മദ്യപസംഘത്തിന്റെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം. രാത്രി വൈകിയും സന്ദർശകർ എത്തുന്ന ബീച്ചിൽ ജനങ്ങളുടെ ആവശ്യം പരിഗണിക്കാതിരിക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ഉയരുന്ന ആരോപണം.
ബീച്ച് പരിസരം കൈയടക്കി തെരുവ് നായ്ക്കളും വിലസുകയാണ്. ചെറുതും വലുതുമായ സംഘങ്ങളായി ബീച്ചിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൾ സഞ്ചാരികൾക്കും കച്ചവടക്കാർക്കും ശല്യവും ഭീതിയുമായി മാറിയിരിക്കുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ കുരച്ച് ചാടുന്നതും പതിവാണ്. തെരുവ് നായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയിലാണ് സഞ്ചാരികൾ.
മദ്യപ സംഘങ്ങളും
ബീച്ചിലെ ഇരുട്ടിന്റെ മറവിൽ പരസ്യമായ മദ്യപാനമാണ് നടക്കുന്നത്. തീരത്ത് കയറ്റിവച്ചിരിക്കുന്ന വള്ളങ്ങളുടെയും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെയും മറപറ്റിയാണ് മദ്യപാനം. ഇതു തടയാൻ ഫലപ്രദമായ സംവിധാനമില്ലാത്ത അവസ്ഥയാണ്. ആകെ ഒന്നോ രണ്ടോ പൊലീസുകാരെ മാത്രമാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇത് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിയമ ലംഘനങ്ങൾ കണ്ടാലും ഇവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
തെരുവ് വിളക്കിന്റെ കാര്യത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കും
കുരുവിള ജോസഫ്, കൗൺസിലർ