കൊല്ലം: അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടും കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷനിലുള്ള ഹെൽത്ത് സബ് സെന്ററിന് അനുമതി നൽകാതെ നാഷണൽ ഹെൽത്ത് മിഷൻ. അനുമതിക്കായി നിരന്തരം ബന്ധപ്പെട്ടിട്ടും എൻ.എച്ച്.എം ജില്ലാ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥർ ഒഴിഞ്ഞമാറുകയാണെന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നു.

നിലവിൽ കല്ലുവാതുക്കൽ ശാസ്ത്രിമുക്കിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് സെന്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ എൻ.എച്ച്.എമ്മിന്റെ അനുമതി വേണം. കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ ഇതിനായി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ എൻ.എച്ച്.എം ജില്ലാ ഓഫീസിനെ സമീപിക്കാൻ നിർദ്ദേശിച്ചിരുന്നു. സെന്റർ നിർമ്മാണത്തിന് അധികമായി എടുത്ത ഭൂമി കൈമാറാനുള്ള നടപടി നേരത്തെ മൂന്നരവർഷത്തോളം വൈകിപ്പിച്ചിരുന്നു. അതിന് പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധിയാണ് ഇപ്പോൾ ഉദ്ഘാടനത്തിനുള്ള അനുമതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം.

അനുവദിച്ചതിനേക്കാൾ സ്ഥലം അധികരിച്ചെടുത്ത് നിർമ്മാണം നടത്തിയെന്ന പേരിൽ റവന്യു വകുപ്പ് സബ് സെന്ററിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കല്ലുവാതുക്കൽ പഞ്ചായത്തിന് നിഷേധിക്കുകയായിരുന്നു. സബ് സെന്റർ നിർമ്മിക്കാൻ അഞ്ച് സെന്റ് റവന്യു പുറമ്പോക്ക് പഞ്ചായത്തിന് നൽകിയിരുന്നു. എന്നാൽ ഏഴ് സെന്റോളം സ്ഥലത്തേക്ക് നിർമ്മാണം നീണ്ടെന്ന് പറഞ്ഞാണ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. അധികമായി എടുത്ത സ്ഥലവും റവന്യു പുറമ്പോക്കായതിനാൽ പഞ്ചായത്തിന് കൈമാറാമായിരുന്നു. എന്നാൽ റവന്യു വകുപ്പിൽ സ്വാധീനമുള്ള ജനപ്രതിനിധി ഇതിന് തടയിടുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ റവന്യു വകുപ്പ് സ്ഥലം പഞ്ചായത്തിന് കൈമാറി. തുടർന്ന് വൈദ്യുതി, കുടിവെള്ള കണക്ഷനുകളെടുത്തതിന് പുറമേ പഞ്ചായത്ത് കെട്ടിടത്തിന് പുതിയ പെയിന്റുമടിച്ച് രണ്ട് മാസമായി കാത്തിരിക്കുകയാണ്.

സബ് സെന്റർ പ്രവർത്തിപ്പിക്കാനുള്ള അനുമതിക്കായി എൻ.എച്ച്.എം അധികൃതരെ പലതവണ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയാണ്.

കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ