cahews-

കൊല്ലം: 14ന് കൊല്ലം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന കാഷ്യു കോൺക്ലേവ് ആവേശത്തോടെ ഏറ്റെടുക്കാനൊരുങ്ങി കശുഅണ്ടി തൊഴിലാളികൾ. ഫാക്ടറി മാനേജർമാർ, ഇൻസ്പെക്ടർമാർ, യൂണിയൻ കൺവീനർമാർ എന്നിവരുടെ ആലോചനാ യോഗം സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.

2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ജപ്തി ഭീഷണി നേരിട്ടിരുന്ന കോർപ്പറേഷൻ ഫാക്ടറികളാണ് ഇപ്പോൾ തൊഴിലാളികളെ ചേർത്ത് പിടിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തൊഴിലാളികൾക്ക് ആനുകൂലം നിഷേധിക്കുന്നില്ലെന്ന് മാത്രമല്ല, 17 തൊഴിലാളികളുടെ മക്കൾക്ക് ഇതുവരെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേഷൻ എം.ഡി കെ.സുനിൽ ജോൺ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ജി.ബാബു, ബി.സുജീന്ദ്രൻ, ഷേമനിധി ബോർഡ് ഭരണ സമിതിയംഗം അയത്തിൽ സോമൻ, എസ്.എൽ.സജികുമാർ, പ്രൊഡക്ഷൻ മാനേജർ എ.ഗോപകുമാർ എന്നിവർ സംസാരിച്ചു.

കാഷ്യു അസംബ്ലി 13ന്

കാഷ്യു കോൺക്ലേവിന് മുന്നോടിയായി കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികളിൽ 13ന് കാഷ്യു അസംബ്ലി സംഘടിപ്പിക്കും. തൊഴിലാളികൾ തന്നെ സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരുമാകും. നിയമസഭയിലെ ചോദ്യോത്തരവേള പുനരാവിഷ്കരിക്കും. കോൺക്ലേവിന് ആശംസ അറിയിച്ചുള്ള വീഡിയോയും പ്രദർശിപ്പിക്കും.

ഇന്ന് മുതൽ 13 വരെ ഭവനസന്ദർശനം

കാഷ്യു കോൺക്ലേവിന്റെറെ പ്രചരണാർത്ഥം ജില്ലയിലെ കശുഅണ്ടി തൊഴിലാളികൾ ഭവന സന്ദർശനം നടത്തും. ഇന്ന് മുതൽ 13 വരെയാണ് സന്ദർശനം. കശുഅണ്ടി വികസന കോർപ്പറേഷന്റെ വിവിധ ഉത്പന്നങ്ങൾ പരിചയപ്പെടുത്തും. ആവശ്യക്കാർക്ക് ന്യായ വിലയ്ക്ക് ഇവ വാങ്ങാനും അവസരമുണ്ടാകും. അമേരിക്കൻ അധികനികുതിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ വെല്ലുവിളി മറികടക്കാൻ പ്രാദേശികമായി ഉത്പന്നങ്ങൾ വിറ്റഴിക്കുകയാണ് ലക്ഷ്യം.