kunnathoor-
കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷന് സമീപം സംരക്ഷണമില്ലാതെ നശിക്കുന്ന അഞ്ചൽപ്പെട്ടി

കുന്നത്തൂർ: കേരളത്തിലെ പരമ്പരാഗത തപാൽ സർവ്വീസായ അഞ്ചലാപ്പീസിന്റെ ഭാഗമായുള്ള അഞ്ചൽപ്പെട്ടികൾ സംരക്ഷണമില്ലാതെ നശിക്കുന്നു. പുതി​യ തലമുറയ്ക്കു വേണ്ടി​യുള്ള ചരി​ത്രശേഷി​പ്പാണ് അധി​കൃതരുടെ അവഗണന കാരണം നാമാവശേഷമാകുന്നത്.

കൊട്ടാരക്കര- കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ കാഷ്യു ഫാക്ടറിക്ക് കിഴക്ക് ഭാഗത്ത് പാതയോരത്ത് തലയെടുപ്പോടെ ഇന്നും നിലകൊള്ളുന്ന അഞ്ചൽപ്പെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.കൊട്ടാരക്കരയ്ക്ക് പടിഞ്ഞാറ് 12 കിലോമീറ്റർ അകലെയാണ് മറ്റൊരു അഞ്ചൽപ്പെട്ടി. ഒരു കാലത്ത് കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനം ഇവി​ടെ ആയിരുന്നതിനാലാകാം അഞ്ചൽപ്പെട്ടിയും ഇവിടെ സ്ഥാപിതമായതെന്നാണ് ചരിത്രാന്വേഷകർ പറയുന്നത്.

കത്തിടപാടുകൾക്കായി ഇന്നത്തെ തപാൽപ്പെട്ടികളുടെ സ്ഥാനത്ത് തിരുവിതാകൂറിൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിയാണ് അഞ്ചൽപ്പെട്ടി. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കിൽ തീർത്ത അഞ്ചൽപ്പെട്ടിയാണു സാധാരണയായി ഉപയോഗിച്ചിരുന്നത്. ഇതിനു മുകളിലായി തിരുവിതാംകൂറിന്റെ രാജമുദ്ര‌യായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്. തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരൻ, അഞ്ചൽപ്പിള്ള, അഞ്ചൽ ശിപായി എന്നീ പേരുകളിളും വിളിച്ചിരുന്നു.പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചം ശേഷം അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. രാജമുദ്ര‌യു‌ള്ള മണികെട്ടിയ അധികാര ദണ്ഡുമായി തപാൽ സാമഗ്രികൾ കാൽനടയായിട്ടാണ് കൊണ്ടുപോകുന്നത്.

അഞ്ചലോട്ടം തടഞ്ഞാൽ ശി​ക്ഷ!

അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ആധുനിക തപാൽ ഓഫീസുകളുടെ വരവോടെ അഞ്ചൽപ്പെട്ടികൾ ഉപേക്ഷിച്ചു. കുന്നത്തൂരിൽ വെയിലും മഴയുമേറ്റ് സംരക്ഷണമില്ലാതെ അനാഥമായി കിടക്കുന്ന അഞ്ചൽപ്പെട്ടിയിലും തിരുവിതാംകൂറിന്റെ രാജമുദ്ര‌യായ ശംഖും മറ്റ് ചരിത്രരേഖകളും കാണാം. പെട്ടി സംരക്ഷിച്ച് പുതിയ തലമുറയ്ക്ക് വേണ്ടി അവ നിലനിറുത്താൻ കുന്നത്തൂർ പഞ്ചായത്ത് അധികൃതർ അടിയന്തിര ന‌ടപടി​ സ്വീകരിക്കണമെന്നാണ് നാടി​ന്റെ ആവശ്യം.