കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റയാൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ അജീഷിനാണ് മർദ്ദനമേറ്റത്.
തലയ്ക്ക് പരിക്കേറ്റ അജീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചെമ്മക്കാട് കുഴിയം സൗമ്യ ഭവനിൽ ബിനുകുമാർ (47) അറസ്റ്റിലായി.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പൊലീസുകാർ വിവരങ്ങൾ ആരായുന്നതിനിടെ അക്രമാസക്തനായ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന അജീഷിനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റ് പൊലീസുകാർ ബിനുകുമാറിനെ കീഴടക്കി.