കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, ചവറ യൂണിയനുകളുടെ നേതൃത്വത്തിൽ 19 ന് സംഘടിപ്പിക്കുന്ന ശാഖാതല നേതൃസംഗമത്തിന്റെ പ്രവർത്തനങ്ങൾ സജീവമായി.
പഞ്ചായത്ത്, മേഖലാ സമ്മേളനങ്ങൾ സമാപിച്ചതോടെ പോഷക സംഘടനകളുടെ കൺവെൻഷനുകൾക്ക് തുടക്കമായി. വനിതാസംഘം പ്രവർത്തക കൺവൻഷൻ കരുനാഗപ്പള്ളി യൂണിയനിലെ പ്രാർത്ഥനാ ഹാളിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് അംബികദേവി അദ്ധ്യക്ഷതയിൽ വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്..ശോഭനൻ, വനിതാസംഘം സെക്രട്ടറി മധുകുമാരി, വൈസ് പ്രസിഡന്റ് സ്മിത, ട്രഷറർ ഗീതാബാബു എന്നിവർ സംസാരിച്ചു. യൂണിയന്റെ പരിധിയിലെ യൂണിറ്റുകളിൽ നിന്ന് വനിതകളെ പങ്കെടുപ്പിക്കുന്നതോടൊപ്പം നേതൃസംഗമം വിജയിപ്പിക്കാനും പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു.