gandhi-
പത്തനാപുരം ഗാന്ധി​ഭവനി​ൽ ചലച്ചി​ത്ര നടൻ ടി.പി. മാധവന്റെ ഒന്നാം അനുസ്മരണദിനം നാടകകൃത്ത് ഫ്രാൻസി​സ് ടി​.മാവേലി​ക്കര ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ഗാന്ധിഭവൻ സന്ദർശിക്കുന്ന ഏതൊരാളെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു ടി.പി മാധവനെന്ന് നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ടി.പി. മാധവന്റെ ഒന്നാം അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള ചലച്ചിത്ര സംഘടനയായ അമ്മയ്ക്ക് അടിസ്ഥാനമുണ്ടാക്കിയ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. 600 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടും ജീവിതയാത്രയിൽ വീണുപോയ അദ്ദേഹത്തിന് തണലേകിയയ ഗാന്ധി​ഭവൻ സെക്രട്ടറി​ പുനലൂർ സോമരാജനെ ഫ്രാൻസിസ് ടി.മാവേലിക്കര അഭിനന്ദിച്ചു. ചടങ്ങി​ൽ പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി. മാധവന്റെ പേരിൽ ഗാന്ധിഭവൻ സ്മാരകം നിർമ്മിക്കുമെന്ന് പുനലൂർ സോമരാജൻ പറഞ്ഞു. കലാപരമായ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ഈ സ്മാരകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഗാന്ധിഭവൻ നേതൃത്വത്തിലുള്ള 'ഗാർഫി' എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​ന് ടി.പി. മാധവൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിലിം സ്റ്റഡീസ് എന്ന് പേരിടാനും ടി.പി. മാധവന്റെ പേരിൽ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുവാനും ഗാന്ധിഭവൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാടക സംവിധായകൻ സന്തോഷ് മീനമ്പലം സംസാരി​ച്ചു. കൊല്ലം ട്രാവൻകൂർ നഴ്‌സിംഗ് കോളേജ് ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ ടി.പി. മാധവന്റെ ചിത്രത്തിന് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ചു.

ടി.പി. മാധവൻ അവാർഡ് മധുവിനും ജഗതിക്കും

ടി.പി. മാധവന്റെ പേരിൽ ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് മധുവും ജഗതിയും അർഹരായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബർ ആദ്യ ആഴ്ച ഇരുവരുടെയും ഭവനങ്ങളിൽ നേരിട്ടെത്തി സമ്മാനിക്കുമെന്ന് പുനലൂർ സോമരാജൻ പറഞ്ഞു. ഗാന്ധിഭവൻ ട്രസ്റ്റ് ബോർഡ് യോഗമാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.