
കൊല്ലം: പുത്തൂർ പൊരീക്കലിൽ സഹോദരന്മാർ ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. മാറനാട് ജയന്തി നഗർ അരുൺ ഭവനിൽ അരുണിനെയാണ് (28) ഇന്നലെ വൈകിട്ടോടെ പുത്തൂർ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രണ്ടാം പ്രതിയും അരുണിന്റെ അനുജനുമായ അഖിലിനെ (25) കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. പാെരീക്കൽ ഇടവട്ടം ഗോകുലത്തിൽ പരേതനായ രഘുനാഥൻ പിള്ളയുടെയും വത്സല കുമാരിയുടെയും മകൻ ജി.ആർ.ഗോകുൽനാഥാണ് (35) കൊല്ലപ്പെട്ടത്. കൊലപാതക ശേഷം അരുണിനെ അഖിൽ കരുനാഗപ്പള്ളിയിൽ വരെ ബൈക്കിൽ കൊണ്ടുവിട്ടിരുന്നു. ഇതിന് ശേഷം എറണാകുളത്തും മറ്റും പോയ അരുൺ ഇന്നലെ വീണ്ടും കരുനാഗപ്പള്ളിയിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽ എവിടേക്ക് പോയതാണെന്നതിൽ വ്യക്തതയില്ല. മദ്യപിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊല്ലപ്പെട്ട ഗോകുലിന്റെ സഹോദരൻ രാഹുലും അഖിലും തിങ്കളാഴ്ച വൈകിട്ട് ഒന്നിച്ച് മദ്യപിച്ചു. മദ്യലഹരിയിലായ രാഹുലിനെ അഖിൽ വീട്ടിലെത്തിച്ചപ്പോൾ ഗോകുലും അമ്മയും ശകാരിച്ചു. ഇത് കൈയാങ്കളിയിലേക്ക് കടന്നു. തിരികെപോയ അഖിൽ അരുണിനോട് വിവരം പറഞ്ഞു. തുടർന്ന് ഗോകുലിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടിക്കഷണം കൊണ്ടുള്ള അടിയിൽ വാരിയെല്ലിനും തലയ്ക്കും നെഞ്ചിലും ക്ഷതമേറ്റാണ് ഗോകുൽനാഥ് മരണപ്പെട്ടത്. പുത്തൂർ സി.ഐ ബാബുക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.