കൊട്ടാരക്കര: ലോറിയിലും കാറിലും തട്ടി നിയന്ത്രണം വിട്ട പൊലീസ് ഇന്റർസെപ്ടർ വാഹനം എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. എം.സി റോഡിൽ വാളകം പൊലിക്കോട് ആനാട് ഭാഗത്തുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന കോട്ടയം കല്ലറ സ്വദേശികളായ മനോജ് (55), ഭാര്യ വിജയലക്ഷ് (44), മകൻ കാർത്തിക് (21), മകൾ കീർത്തിക (15) എന്നിവർക്കും പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐ മനോജ്, ഡ്രൈവർ ഗോവിന്ദ് എന്നിവർക്കുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്നവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലും പൊലീസ് ഉദ്യോഗസ്ഥരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല.
ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. എതിരെ വന്ന ലോറിയിലും ലോറിക്ക് പിന്നിൽ കെ.പി.സി.സി ജന.സെക്രട്ടറി എം.ലിജുവും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയും സഞ്ചരിച്ചിരുന്ന കാറിലും തട്ടിയ ശേഷമാണ് പൊലീസ് വാഹനം അടുത്ത കാറിലേക്ക് ഇടിച്ചുകയറിയത്. ഇരു വാഹനങ്ങളുടെയും മുൻ ഭാഗം പൂർണമായി തകർന്നു. ആയൂർ ഭാഗത്തേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം. എം.ലിജുവിനും അബിൻവർക്കിക്കും പരിക്കില്ല.