dd
തകർന്ന് കിടക്കുന്ന കല്ലുപാലം- കൊച്ചുപിലാംമൂട്

കൊല്ലം: കല്ലുപാലം-കേരളകൗമുദി- കൊച്ചുപിലാംമൂട് റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാരുടെ നുവൊടിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. നിലയ്ക്കാതെ മുറവിളി ഉയരുമ്പോൾ നടക്കുന്ന കുഴിയടപ്പ് അല്ലാതെ, ഈ ഭാഗത്തൊരു റീ ടാറിംഗ് നടന്നിട്ട് പതിറ്റാണ്ടുകളായി. കൊല്ലം തോട്ടിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളുടെ ബാക്കിഭാഗവും അല്ലാതെ റോഡരികിൽ കൂട്ടിയിടുന്നവയും ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ ഈ റോഡിന്റെ മറ്റൊരു ശാപമാണ്.

കുഴികൾ 'വെട്ടിച്ച്' നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. പള്ളിത്തോട്ടം മുതൽ പണ്ടകശാലവരെയുള്ള ഭാഗമാണ് വ്യാപകമായി തകർന്നു കിടക്കുന്നത്. ഇവിടെ പലേടത്തും ആഴമേറിയ കുഴികളാണ്. ചെറുകുഴികൾ അനേകമുണ്ട്. കുരുക്കിൽപ്പടാതെ കടക്ടറേറ്റ് അടക്കമുള്ള ഭാഗങ്ങളിലേക്ക് എത്താൻ ആളുകൾ തിരഞ്ഞെടുക്കുന്ന റോഡാണിത്. എന്നാൽ കുരുക്കിൽ നിന്നു രക്ഷപ്പെട്ട് വരുന്നവർ കുഴികളിൽ പതിക്കുന്ന അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽപ്പെടുന്നു. വീടുകൾ കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും റോഡിന്റെ ഇരുവശത്തുമായുണ്ട്.

നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ പതിവായി സഞ്ചരിക്കുന്നവർക്ക് നടുവേദന ഒഴിയില്ല. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ തെറിച്ചു നടുവുംതല്ലി വീഴാനുള്ള സാദ്ധ്യതയുമേറെ. കല്ലുപാലം ഭാഗത്ത് നിന്ന് കൊച്ചുപിലാംമൂട്ടിലേക്ക് വരുമ്പോൾ പണ്ടകശാല പാലത്തിന് സമീപം കുറച്ച് ഭാഗത്ത് റോഡിന്റെ ഇടതുവശം അപകടമുണ്ടാക്കുംവിധം ചരിഞ്ഞ നിലയിലാണ്.


മഴ ദുരിതം അസഹനീയം


മഴയത്ത് വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികൾ കാണാനും കഴിയില്ല. ഇതു കൂടുതൽ അപകട സാദ്ധ്യതയുണ്ടാക്കുന്നു. മഴക്കാലത്ത് വാഹനങ്ങൾ കുഴി​കളി​ൽ പതി​ക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ബീച്ച്, കളക്ടറേറ്റ്, പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) നേതൃത്വത്തിലാണ് നവീകരണം നടത്തേണ്ടത്.

ഗതി​കേടുകൊണ്ടാണ് ഈ റോഡിലേക്ക് ഓട്ടോറി​ക്ഷയുമായി​ ഇറങ്ങുന്നത്. ഒരു കുഴി​ ഒഴി​വാക്കാൻ ശ്രമി​ക്കുമ്പോൾ രണ്ടു കുഴി​കളി​ൽ ചാടും. വണ്ടി​യുടെ പരി​പ്പി​ളകുന്ന അവസ്ഥയാണ്. അറ്റകുറ്റപ്പണി​ ഒഴി​ഞ്ഞ ദി​വസങ്ങളി​ല്ല. മഴയുള്ള രാത്രി​കാലങ്ങളി​ൽ ഞാണി​ൻമേൽ കളി​യാണ്. ഭാഗ്യമുണ്ടെങ്കി​ൽ വണ്ടി​ മറി​യാതെ രക്ഷി​ച്ചെടുക്കാനാവും. ഈ ദുരവസ്ഥ കൗൺ​സി​ലർ അടക്കമുള്ള അധി​കൃതർ കാണാതെ പോവരുത്

സദു പള്ളി​ത്തോട്ടം, ആർ.എസ്.പി​ ജി​ല്ലാ കമ്മി​റ്റി​യംഗം (ഓട്ടോറി​ക്ഷ ഡ്രൈവർ)

...................................

തകർന്ന് കിടക്കുന്ന റോ‌ഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബിറ്റുമിൻ കോൾഡ് മിക്സ് ഷെൽമാക് എന്ന മിശ്രിതം കൊണ്ടാണ് കുഴികൾ അടയ്ക്കുന്നത്. പള്ളിത്തോട്ടം ഭാഗത്ത് പ്രവർത്തനം തുടങ്ങാനിരുന്നപ്പോഴാണ് മഴ വന്നത്. അതോടെ മാറ്റിവയ്ക്കുകയായിരുന്നു. ഉടൻ തന്നെ ഈ ഭാഗത്ത് കുഴി മൂടുന്ന പ്രവർത്തനം തുടങ്ങും

കെ.ആർ.എഫ്.ബി അധികൃതർ