അഞ്ചൽ: തകർന്ന് താറുമാറായി കിടക്കുന്ന അസുരമംഗലം- മതുരപ്പ ഗുരുമന്ദിരം റോഡിൽ അഞ്ച് വർഷമായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ അധികൃതർ ഇടപെടുന്നേയില്ല.
ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ മതുരപ്പ, ഒഴുകുപാറയ്‌ക്കൽ വാർഡുകളിലൂടെ കടന്നുപോകുന്ന ഏകദേശം മൂന്നര കിലോമീറ്ററുള്ള റോഡിൽ കൊമ്പേറ്റ്‌മല ഉൾപ്പടെയുള്ള ഭാഗത്താണ് യാത്ര അങ്ങേയറ്റം ദുരിതത്തിലാകുന്നത്. തടിക്കാട്, അഞ്ചൽ, പത്തനാപുരം, പുനലൂർ, കൊട്ടാരക്കര ഭാഗങ്ങളിലേക്കുള്ള റോഡാണിത്.
പ്രധാനമന്ത്രി സഡക് യോജന പ്രകാരം വൻവികസന സാദ്ധ്യത മുന്നിൽ കണ്ടാണ് പഞ്ചായത്ത് ഭരണസമിതി, കേന്ദ്ര ഫണ്ട് കൈകാര്യം ചെയ്യുന്ന ജില്ലയിലെ നോഡൽ ഏജൻസിക്ക് റോഡ് കൈമാറിയത്. 2.65 കോടിക്ക് കരാർ ഉറപ്പിച്ച് കരാറുകാരൻ പണി ആരംഭിച്ചെങ്കിലും ടാറിംഗ് ഉൾപ്പടെയുള്ള പ്രധാന പ്രവൃത്തികൾ പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു.
റോഡിലെ കൈയേറ്റങ്ങൾ ഒഴിവാക്കിയും നിലമൊരുക്കി വൃത്തിയാക്കി മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും അജ്ഞാത കാരണങ്ങളാൽ കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരുന്നു. കൊമ്പേറ്റ്മല വയൽതിട്ടകരയിൽ സംരക്ഷണഭിത്തി നിർമ്മിച്ചത് മാത്രമാണ് എടുത്ത് പറയാവുന്ന ഏക പ്രവൃത്തി. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തിയെങ്കിലും റോഡിന്റെ ഭാവി ഇനി എന്തെന്ന ചോദ്യത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടിയില്ല.
............................
ഓണം ആഘോഷിക്കാൻ 10 ദിവസത്തെ ലീവിന് നാട്ടിൽ വന്നതാണ്. ഓണ ദിവസം ടൂ വീലറിൽ സഞ്ചരിക്കവേ ഈ റോഡിൽ വീണു. മുഖത്ത് സാരമായി പരിക്കേറ്റു. മടക്കയാത്ര മാറ്റി വച്ചു. ഓട്ടോറിക്ഷ പോലും ഇവിടേക്ക് സവാരിക്കെത്തുന്നില്ല.അഞ്ച് സ്‌കൂളാണ് ഈ റൂട്ടിലൂടെയുള്ള ട്രിപ്പ് അവസാനിപ്പിച്ചത്
സതീഷ് മതുരപ്പ,
പ്രദേശവാസിയായ പ്രവാസി
...................................
പുതിയ ടെൻഡർ വഴി പകരം കരാറുകാരനെ കണ്ടെത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. ടൂ വീലറുകൾ വ്യാപകമായി അപകടത്തിൽപ്പെടുന്നു. കാൽനട പോലും ദുഷ്‌കരമാണ്. നേരത്ത ടാർ ചെയ്‌തിരുന്ന റോഡിൽ ചിലയിടങ്ങളിൽ പേരിന് പോലും ടാറില്ല
ആർ. വിജയൻ,
മതുരപ്പ
......................................
റോഡിന്റെ ശോച്യാവസ്ഥ വികസന സദസിൽ പ്രധാന ചർച്ചയായി. കേന്ദ്ര ഫണ്ട് പ്രകാരമുള്ള റോഡിന്റെ നിർമ്മാണ സ്‌തംഭനാവസ്ഥ പരിഹരിക്കാൻ ഉന്നതതല ഇടപെടലുണ്ടാകണം.കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിന് നിഷ്‌കർഷിക്കുന്ന വീതി ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടായിട്ടും നിരാശയാണ് ഫലം
സുശീല മണി,
മതുരപ്പ വാർഡ് മെമ്പർ