കൊല്ലം: കഞ്ചാവുമായി പിടിയിലായ യുവാവിനെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് യുവാവിന്റെ സുഹൃത്ത് അമ്മയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ചു. കല്ലുംതാഴം റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന് തട്ടുകട നടത്തുന്ന ചാമ്പക്കുളം വയലിൽ നക്ഷത്ര നഗർ 123 വയലിൽ പുത്തൻവീട്ടിൽ ലൈല ബീവി (56), മകൾ ഷാനിഫ (26) എന്നിവരെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.

ചാമ്പക്കുളം സ്വദേശിയായ ലതികേഷാണ് ഇരുവരെയും കുത്തിപരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ 9 ഓടെ കല്ലുംതാഴത്താണ് സംഭവം. ലതീകേഷിന്റെ സുഹൃത്ത് കിളി കൊല്ലൂർ ചാമ്പക്കുളം സ്വദേശി സാദിക്കിനെ (വിഷ്ണു) കഴിഞ്ഞ വ്യാഴാഴ്ച ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിന് സമീപം റെയിൽവേ പുറമ്പോക്കിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. ഇക്കാര്യം എക്സൈസിനെ അറിയിച്ചത് ലൈല ബീവിയും മകളുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

രാവിലെ കടയിലേക്ക് എത്തിയ ലതികേഷ് കൈയിൽ കരുതിയ കത്തിയുമായി ആദ്യം ഷാനിഫയെയാണ് കുത്തിയത്. തുടർന്ന് തടസം പിടിക്കാനെത്തിയ ലൈല ബീവിയെയും കുത്തുകയായിരുന്നു. ഷാനിഫയുടെ ശരീരത്തിന്റെ പുറകുവശത്തും, തുടയിലുമായി അഞ്ചോളം കുത്തുകൾ ഏറ്റു. വലത് ഇടുപ്പ് ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആക്രമണം കണ്ട് ഷാനിബയുടെ സഹോദരൻ തന്നെ കുത്തിപരിക്കേൽപ്പിച്ചുവെന്നാണ് ലതികേഷ് ആരോപിക്കുന്നത്. കാൽമുട്ടിന് മുകളിൽ കുത്തേറ്റ ലതികേഷ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ഉച്ചയോടെ ലതികേഷിനെ പൊലീസ് പിടികൂടി. ഇയാൾ കഞ്ചാവ് കേസിൽ ഉൾപ്പടെ പ്രതിയാണെന്നും ഇയാൾക്കെതിരെ മുൻപ് കാപ്പ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സാദിക്കിന്റെ സുഹൃത്തുക്കളിൽ ചിലർ കഴിഞ്ഞദിവസം കടയ്ക്കുമുന്നിലെത്തി അസഭ്യം പറഞ്ഞുവെന്ന് പരിക്കേറ്റർ പറഞ്ഞു.