
കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും 1957ലെ കേരള നിയമ സഭയിലെ അംഗവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്ന ജി.കാർത്തികേയന്റെ സ്മരണാർത്ഥം ജി.കാർത്തികേയൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ പി.കെ.ഗുരുദാസൻ അർഹനായി. നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന് മാതൃകയായ വ്യക്തിയെന്ന നിലയിലാണ് അവാർഡ് കമ്മിറ്റി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. മുല്ലക്കര രത്നാകരൻ, കെ.രാജൻ ബാബു (മുൻ ബ്യൂറോ ചീഫ്, കേരളകൗമുദി), പി.എസ്.സുരേഷ് (റീജിയണൽ എഡിറ്റർ, ജനയുഗം), നൂറനാട് മോഹൻ (ഉണ്മ പബ്ലിക്കേഷൻ), കിരൺ പ്രഭാകരൻ (എഴുത്തുകാരൻ, സംവിധായകൻ) എന്നിവരുൾപ്പെട്ടതാണ് ജഡ്ജിംഗ് കമ്മിറ്റി. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ആർ.രാജേന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. അനിൽ.എസ്.കല്ലേലിഭാഗം, സെക്രട്ടറി കെ.സെയ്ദ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഡിസംബർ 2ന് കരുനാഗപ്പള്ളി, കുലശേഖരപുരത്ത് 'ജി'യുടെ വസതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരം സമർപ്പിക്കും.