sharanalayam-road
ചൊവ്വള്ളൂർ കരീപ്ര ശരണാലയം റോഡ് ജലജീവൻ പൈപ്പിട്ട ശേഷം നന്നാക്കാത്ത നിലയിൽ.

എഴുകോൺ: ജലജീവൻ മിഷനിൽ പൈപ്പിടാൻ കുത്തിപ്പൊളിച്ച ഗ്രാമീണ റോഡുകൾ നന്നാക്കി പൂർവ്വ സ്ഥിതിയിലാക്കിയില്ല. കരീപ്ര ഗ്രാമപഞ്ചായത്തിലെ റോഡുകളാണ് പൈപ്പിടാൻ വെട്ടിപ്പൊളിച്ച നിലയിൽ വർഷങ്ങളായി കിടക്കുന്നത്.

ചൊവ്വള്ളൂർ കരീപ്ര ശരണാലയം റോഡ്, ബദാംമുക്ക് തേവരു പൊയ്കക്ഷേത്രം റോഡ്, മാമൂട് റോഡ് എന്നിവയാണ് തകർന്ന് കിടക്കുന്നത്. ജല അതോറിട്ടിയാണ് പൈപ്പിടുന്നത്. എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നൽകുന്നതിനാൽ മുഴുവൻ ഗ്രാമീണ റോഡുകളിലും കുഴിയെടുത്ത് പൈപ്പിട്ടിട്ടുണ്ട്. റോഡിന്റെ ഇരുവശത്തും കുഴിയെടുത്തതിനാൽ റോഡുകളെല്ലാം പൂർണ്ണമായി തകർന്ന നിലയിലാണ്. പൈപ്പിട്ടാൽ ഉടൻ കുഴി നികത്തുമെന്ന ധാരണ ഉണ്ടായിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല.

പൈപ്പിട്ട് വീടുകളിൽ ടാപ്പുകൾ നൽകിയെങ്കിലും ജലജീവന്റെ വകയായി തുള്ളി വെള്ളം വീടുകളിൽ എത്തിയിട്ടില്ല. ജലസംഭരണികളുടെ നിർമ്മാണം പൂർത്തിയാകാത്തതാണ് കാരണം. നിലവിലുള്ള ജലവിതരണ പദ്ധതികളിൽ നിന്നുള്ള വെള്ളം പോലും കൃത്യമായി കിട്ടുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കരീപ്ര ശരണാലയം, പ്ലാക്കോട്, കല്ലാർ, കോട്ടവിള തുടങ്ങിയ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാണെന്ന് പരാതിയുണ്ട്. സമയബന്ധിതമായി പൂർത്തീകരിക്കാത്ത പദ്ധതിക്ക് ലക്ഷക്കണക്കിന് രൂപ നൽകി വെള്ളവും റോഡും ഇല്ലാതായ അവസ്ഥയിലാണ് ഗ്രാമപഞ്ചായത്തുകൾ. റോഡുകളുടെ തകർച്ച പരിഹരിക്കാത്തതിൽ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശ വാസികൾ. ഗ്രാമ പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

തേവരുപൊയ്ക ക്ഷേത്രം റോഡ് ചെളിക്കണ്ടം

ബദാംമുക്ക് ശ്രീനാരായണ ഗുരു മന്ദിരത്തിൽ നിന്ന് തേവരുപൊയ്ക വിഷ്ണു ക്ഷേത്രത്തിലേക്കെത്തുന്ന റോഡും ജലജീവൻ മിഷന് വേണ്ടി പൊളിച്ച നിലയിലാണ്. ക്ഷേത്രത്തിന് സമീപം ടാറ് ചെയ്യാത്ത ഭാഗം ചെളിക്കണ്ടം കൂടി ആയതോടെ ഇത് വഴി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ നിലവിൽ ഇത് വഴി പോകാറില്ല. കാൽനടയാത്ര പോലും ദുസഹമായ നിലയിലാണ് ഇവിടം.

.