photo
ജനകീയ ലൈബ്രറി പ്രവർത്തകർ അനിക്കായി നിർമ്മിച്ച സ്വപ്നവീട്

കരുനാഗപ്പള്ളി : പ്രദേശത്തെ നിരാലംബനായ യുവാവിന് 45-ാം വാർഷികത്തോടനുബന്ധിച്ച് സ്വപ്ന വീടൊരുക്കിയ ഇടക്കുളങ്ങര ജനകീയ ലൈബ്രറി ശ്രദ്ധേയമാകുന്നു. ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുകയും മാതാപിതാക്കൾ നഷ്ടപ്പെട്ടതുമായ മുണ്ടപ്പള്ളി കിഴക്കതിൽ അനി എന്ന യുവാവിനാണ് വീട് നിർമ്മിച്ചത്.

ഗ്രന്ഥശാലാ പ്രവർത്തകർ മുൻകൈയെടുത്ത് ഇദ്ദേഹത്തെ ദീർഘനാൾ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്നും നാളെയുമായാണ് ആഘോഷ പരിപാടികൾ. ഇന്ന് രാവിലെ ചിത്ര പ്രദർശനം, വൈകിട്ട് മൂന്നിന് വിനോദ മത്സരങ്ങൾ, 6.30ന് തിരുവാതിര, 7:30ന് നാടകം, 8 മുതൽ ഡാൻസ്, മാജിക് ഷോ . നാളെ വൈകിട്ട് മൂന്നിന് സാംസ്കാരിക ഘോഷയാത്ര.നാലിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി സ്വപ്ന വീന്റെ താക്കോൽദാനം നിർവഹിക്കും. തൊഴിലുറപ്പ് തൊഴിലാളികളെ സി.ആർ. മഹേഷ് എം.എൽ.എയും അങ്കണവാടി, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർക്കുള്ള ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപനും നിർവഹിക്കും. ആദ്യകാല ഗ്രന്ഥശാല പ്രവർത്തകരെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ആദരിക്കും. വിദ്യാഭ്യാസ അവാർഡുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാറും ചേർന്ന് കൈമാറുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് എസ്. സുനിൽകുമാർ, പ്രസിഡന്റ് എസ്.കെ. അനിൽ, കെ. ഗോപകുമാർ, ഫൈസി ഷിഹാസ് മേക്കര, മുഹമ്മദ് റാഫി, എൻ. അമ്പിളി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.