കൊല്ലം: കൊട്ടാരക്കരയിൽ അനുവദിച്ച ഡ്രോൺ പാർക്ക് ഡിസംബറിൽ പ്രവർത്തനം തുടങ്ങും. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് കേരളത്തിലെ ആദ്യത്തെ ഡ്രോൺ വ്യവസായ പാർക്കാണ് യാഥാർത്ഥ്യമാകുന്നത്. കൊട്ടാരക്കര കില ഇ.ടി.സി കാമ്പസിലാണ് പാർക്ക് സ്ഥാപിക്കുക. ഡ്രോൺ വളർച്ചയ്ക്കുവേണ്ട എക്കോ സിസ്റ്റം ഇവിടെ സജ്ജമാക്കും.
പാലക്കാട് ഐ.ഐ.ടിയുടെ സാങ്കേതിക സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പും കേരള അക്കാഡമി ഒഫ് സ്കിൽ എക്സലൻസും ചേർന്നാണ് ഡ്രോൺ പാർക്ക് തുടങ്ങുന്നത്. ഡ്രോൺ റിസർച്ച് സെന്റർ തുടങ്ങാനായി സംസ്ഥാന ബഡ്ജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാന ഏജൻസികൾ, സായുധ സേനകൾ, ഗവേഷണ ഗ്രൂപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകരും വ്യക്തികളുമൊക്കെ പങ്കാളികളാകും.
ഇവയെല്ലാം ഉൾപ്പെടുന്ന ഗ്രൂപ്പ് ഗവേഷണങ്ങളിലൂടെ നൈപുണ്യമുള്ള മനുഷ്യ വിഭവശേഷി വികസിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമുള്ള വിജ്ഞാന കേന്ദ്രം കൂടിയായി ഡ്രോൺ റിസർച്ച് സെന്റർ മാറും. വലിയ തൊഴിൽ അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വരും തലമുറയ്ക്ക് പ്രയോജനകരം
ആധുനിക സയൻസ് മ്യൂസിയവും പ്ളാനറ്റോറിയവും യാഥാർത്ഥ്യമാവുകയാണ്. കില ഇ.ടി.സി കാമ്പസിൽ തന്നെ ഇതിനായും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 5 കോടി രൂപയാണ് ഇതിനായി നേരത്തെ അനുവദിച്ചത്. വിദ്യാർത്ഥികൾക്ക് ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും പ്രപഞ്ച രഹസ്യങ്ങൾ മനസിലാക്കുന്നതിനും ഉപകരിക്കുംവിധമാണ് മ്യൂസിയവും പ്ളാനറ്റോറിയവും സജ്ജമാക്കുന്നത്. വരും തലമുറയ്ക്ക് ഏറെ പ്രയോജനപ്പെടും.
വരുന്ന ഡിസംബറോടെ ഡ്രോൺ പാർക്ക് പ്രവർത്തനം തുടങ്ങാൻ കഴിയും. വലിയ സാദ്ധ്യതകളാണ് മുന്നിലുള്ളത്. വിദ്യാർത്ഥികൾക്ക് കൂടുതൽ ആഴത്തിൽ പഠനത്തിനും ശാസ്ത്രാവബോധം വളർത്തുന്നതിനും ഉപകരിക്കും.
കെ.എൻ.ബാലഗോപാൽ, മന്ത്രി