കൊല്ലം: അരിപ്പ ഭൂസമര പരിഹാരമെന്നത് സർക്കാരിന്റെ വഞ്ചനയാണെന്നും പ്രക്ഷോഭം തുടരുമെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ. പതിമൂന്ന് വർഷത്തിലധികമായി അരിപ്പയിലെ റവന്യൂ ഭൂമിയിൽ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ആദിവാസികളും ദളിതരും ഭൂരഹിത വിഭാഗങ്ങളും കൃഷിഭൂമി ആവശ്യപ്പെട്ട് സമരം നടത്തിവരികയാണ്. ഭൂസമര പരിഹാരത്തിന് എല്ലാ സംഘടനകളും പിന്തുണച്ചെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. പി.എസ്.സുപാൽ എം.എൽ.എയെ പിന്തുണയ്ക്കുന്ന മുപ്പത് പ്രതിനിധികളെ പ്രാദേശിക സമരക്കാരെന്ന പേരിൽ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുപ്പിക്കുകയാണുണ്ടായത്. പത്ത് സെന്റ് ഭൂമി വാങ്ങാൻ സന്നദ്ധമായ പ്രാദേശിക ഭൂസമരക്കാർക്ക് ഭൂമി അളന്ന് വാങ്ങുന്നതിനെ തടസപ്പെടുത്തില്ല. ഇപ്പോഴും കുടിൽകെട്ടി സമരം നടത്തുന്ന ഇരുന്നൂറ് കുടുംബങ്ങളുണ്ട്. 658 കുടുംബങ്ങൾ 2018 വരെ സമരരംഗത്തുണ്ടായിരുന്നു. അകത്തും പുറത്തുമായി സമരത്തെ പിന്തുണച്ച് ഇവരെല്ലാം ഇപ്പോഴുമുണ്ട്. തിങ്കളാഴ്ചയാണ് സർക്കാർ നിശ്ചയിച്ച പ്രകാരം ഭൂമി അളക്കാനെത്തുക, ഇതിനെ തടയില്ല, എന്നാൽ നിയമപരമായി നേരിടും. ജീവിക്കാൻ വേണ്ടി ഭൂമി ആവശ്യപ്പെട്ട് സമരം ചെയ്യുമ്പോൾ, പള്ളിക്ക് 50 സെന്റ് കൊടുക്കണമെന്നാണ് സി.പി.ഐയുടെ പ്രാദേശിക നേതാവ് പറഞ്ഞത്. ന്യായമായ അവകാശങ്ങൾ അപേക്ഷയിലൂടെയല്ല, പോരാട്ടത്തിലൂടെ നേടിയെടുക്കുകതന്നെ ചെയ്യും. പത്രസമ്മേളനത്തിൽ ജന.സെക്രട്ടറി വി.രമേശൻ, വൈസ് പ്രസിഡന്റ് ഷൈനി.പി.വട്ടപ്പാറ, ജില്ലാ പ്രസിഡന്റ് മണി.പി.അലയമൺ, വി.സി.വിജയൻ എന്നിവരും പങ്കെടുത്തു.