കൊട്ടാരക്കര: പൊട്ടിപ്പൊളിഞ്ഞിട്ടും മരാമത്ത് വകുപ്പ് അവഗണിച്ച റോഡിൽ ജനകീയ കുഴിയടയ്ക്കൽ സമരം. കരിക്കം കിഴക്കേതെരുവ് റോഡാണ് പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് ജി.പി.എസ് മെറ്റൽ നിറച്ച് അടച്ച് ഗതാഗതയോഗ്യമാക്കിയത്.

ദേശീയ പാതയായ കൊല്ലം ചെങ്കോട്ട റോഡിൽ കിഴക്കേത്തെരുവ് സെന്റ്മേരീസ് സ്കൂൾ ജംഗ്ഷനിൽ നിന്നു സംസ്ഥാന പാതയായ കഴക്കൂട്ടം ചെങ്ങന്നൂർ പാതയിലെ കരിക്കം പ്രദേശത്ത് എത്തുന്ന മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ടു പാതകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ റോഡാണ്. നിലവിൽ കാൽനടയാത്രപോലും അസാദ്ധ്യമായ നിലയിലാണ്. മേലില , വെട്ടിക്കവല,ഗ്രാമ പഞ്ചായത്തുകൾ, കൊട്ടാരക്കര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. റോഡിലൂടെ എട്ടു സ്കൂളുകളിലേക്കും എട്ടോളം ആരാധനാലയങ്ങളിലേക്കും അനേകം തൊഴിൽ ശാലകളിലേക്കും ആയിരക്കണക്കിക്കു പേർ യാത്ര ചെയ്യുന്ന റോഡാണിത്. ആയിരത്തിലധികം കുടുംബങ്ങൾ റോഡിന്റ വശങ്ങളിൽ താമസിക്കുന്നു.

കെ.പി.സി.സി അംഗം അഡ്വ. അലക്സ് മാത്യു ജി.എസ്.പി മെറ്റൽ ഇട്ട് റോഡു പണി ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് അംഗം എം.പി. സജീവ് അദ്ധ്യക്ഷനായി. കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ റെജിമോൻ വഗീസ്, മേലില ഗ്രാമ പഞ്ചായത്ത് അംഗം എബി പണ്ടാല, പി. ബാബു, സജി യോഹന്നാൻ, വിനു തേജസ്, സുനിൽകുമാർ, ബൈജു അടൂർ മുക്ക്, ജേക്കബ് ഉമ്മൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

വെറുതേ ഒരു 7 കോടി!

നവകേരള സദസിൽ ഉൾപ്പെടുത്തി ഈ റോഡ് പുനർ നിർമ്മിക്കുന്നതിനായി ഏഴു കോടിരൂപ അനുവദിച്ചെന്നു കാട്ടി ഫ്ളക്സ് സ്ഥാപിച്ചിട്ട് ഒരു വർഷമാകുന്നു. എന്നാൽ ഭരണാമതിയോ സാങ്കേതിക അനുമതിയോ ലഭിച്ചിട്ടില്ല. ഈ സാഹചര്ത്തിലാണ് പൊതുജനങ്ങൾ റോഡ് പണി നിർവ്വഹിച്ചത്.