കൊല്ലം: നെടുമ്പനയിൽ 11 പേർക്ക് പേവിഷ ബാധയുള്ള തെരുവ് നായയുടെ കടിയേറ്റു. നെടുമ്പന തൈക്കാവ് മുക്ക്, ചിലവൂർക്കോണം, മുളങ്കുഴി, കൃഷിഭവൻ, നെടുമ്പന സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളിലെ കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് കടിയേറ്റത്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുണ്ടിലും തുടയിലും കടിയേറ്റവരുണ്ട്. തെരുവ് നായ ഓടിനടന്ന് കടിക്കുന്നത് കണ്ട നാട്ടുകാർ തെരുവ് നായയെ തല്ലിക്കൊന്നു. പരിശോധനയ്ക്ക് വിധേയമാക്കാൻ നെടുമ്പന മൃഗാശുപത്രിയിൽ നിന്ന് ആരും എത്താതിരുന്നതോടെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹാഷിം, ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. എന്നിട്ടും ഫലമുണ്ടാകാഞ്ഞതോടെ നാട്ടുകാർ നെടുമ്പന ആശുപത്രിയിലേക്ക് തെരുവ് നായയെ കൊണ്ടുപോകാൻ ഒരുങ്ങി. ഇതിനിടയിൽ ഫൈസൽ കുളപ്പാടം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടതിന് പിന്നാലെ നെടുമ്പന മൃഗാശുപത്രിയിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടയുള്ള സംഘം സ്ഥലത്തെത്തി. നായയെ ജില്ലാ വെററിനറി ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.