കൊല്ലം: കെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യങ്ങളുടെ പുനരുപയോഗം സംബന്ധിച്ച പ്രൊഫ. വിഷ്ണു വിജയന്റെ ഗവേഷണത്തിന് ഡൽഹി ആസ്ഥാനമായുള്ള സബ്സ്റ്റെയിനബിൾ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ പുരസ്കാരം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി പരിസ്ഥിതി ഏൽപ്പിക്കുന്ന മുറിവിൽ വലിയ കുറവുണ്ടാകുന്ന കണ്ടെത്തൽ എന്ന വിലയിരുത്തലിലാണ് പുരസ്കാരം.

അമൃത യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയാണ് വിഷ്ണു വിജയൻ. അമൃതവിശ്വപീഠം കോയമ്പത്തൂർ ക്യാമ്പസിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഡോ.കെ.എം. മിനിയുടെ മാർഗനിർദ്ദേശത്തിലും ആസ്ട്രേലിയയിലെ പെർത്ത് നഗരത്തിലെ എഡിത് കോവാൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് എൻജിനിയറിംഗിലെ പ്രൊഫസർ ഡോ. സഞ്ജയ് കുമാർ ശുക്ലയുടെയും സഹായത്തോടെയുള്ള ഗവേഷണത്തിൽ നിർമ്മാണ പൊളിക്കൽ മാലിന്യങ്ങളുടെ പുനർവിയോഗ സാദ്ധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. കോൺക്രീറ്റ് മാലിന്യം സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ 13 വർഷമായി ശാസ്താംകോട്ടയിലെ ബസേലിയോസ് മാത്യൂസ് എൻജിനിയറിംഗ് കോളേജിലെ ഡീനാണ് വിഷ്ണു വിജയൻ. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.