
കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എട്ട് റൂട്ടുകളിലേക്കുള്ള പുതിയ സർവീസുകൾക്കായി അനുവദിച്ച പത്ത് പുതിയ ബസുകളളുടെ ഫ്ളാഗ് ഓഫ് ഇന്നുച്ചയ്ക്ക് 2.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
കൊല്ലൂർ മൂകാംബിക ക്ഷേത്രം, ബംഗളൂരു എന്നിവിടങ്ങളിലേക്ക് എ.സി സീറ്റർ കം സ്ളീപ്പർ ക്ളാസ് ബസുകളാണ് അനുവദിച്ചിട്ടുള്ളത്. സുൽത്താൻ ബത്തേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് രണ്ടുവീതം സർവീസുകൾ പുതുതായി ഉണ്ടാകും. ഇതിനായി നാല് നോൺ എ.സി പ്രീമിയം ബസുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കായി രണ്ട് ബസുകൾ ലഭിച്ചു. ബഡ്ജറ്റ് ടൂറിസം സർവീസുകൾക്കായി സൂപ്പർ ഡീലക്സ് ബസ് ഓടിക്കും. കാരുവേലിൽ, മുളവന, കൊല്ലം റൂട്ടിലും പുതിയ ഓർഡിനറി ബസുകൾ സർവീസ് നടത്തും.
കൊട്ടാരക്കര ട്രാൻ.ഡിപ്പോയുടെ ഹൈടെക് നവീകരണ ജോലികൾ ഉടൻ തുടങ്ങും. ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പുതിയ ബസുകൾ ഡിപ്പോയിൽ ലഭിച്ചു. പരമാവധി എല്ലാ ഭാഗങ്ങളിലേക്കും, ഗ്രാമീണ പാതകളിലേക്കും യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം
കെ.എൻ.ബാലഗോപാൽ, മന്ത്രി