photo

കൊട്ടാരക്കര: എം.സി റോഡിൽ വാളകത്ത് പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കോട്ടയം കടുത്തുരുത്തി കളരിക്കൽ മനോജാണ് (55, റിട്ട.ആർമി) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച എം.സി റോഡിൽ വാളകം പൊലിക്കോട് ആനാടായിരുന്നു അപകടം. കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ മരിച്ചു. അപകടത്തിൽ മനോജിന്റെ ഭാര്യ വിജയലക്ഷ്മി (44), മകൻ കാർത്തിക് (21), മകൾ കീർത്തിക (15) എന്നിവർക്കും പരിക്കേറ്റിരുന്നു. വിജയലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. എതിരെ വന്ന ലോറിയിലും കാറിലും തട്ടിയ ശേഷമാണ് പൊലീസ് ഇന്റ‌ർസെപ്ടർ വാഹനം മനോജും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. മനോജിനും ഭാര്യ വിജയലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റു. മകൻ കാർത്തിക് റേഡിയോളജി വിദ്യാർത്ഥിയാണ്. കടുത്തുരുത്തി എസ്.കെ.പി.എസ് വിദ്യാർത്ഥിനിയാണ് കീർത്തിക. മനോജിന്റെ അച്ഛൻ: പരേതനായ നാരായണൻ (റിട്ട.എസ്‌.ഐ), അമ്മ: മാലതി (അദ്ധ്യാപിക).