കൊല്ലം: ദേശീയപാത വികസന പ്രവർത്തനങ്ങൾക്കിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സെന്റ് ജോർജ്, സെന്റ് ജോസഫ്, സെന്റ് തോമസ് തുരുത്തുകളിലെയും കരയിലെയും കുടുംബങ്ങളിൽ കുടിവെള്ളം മുട്ടിയിട്ട് അഞ്ച് ദിവസം പിന്നിട്ടു.

പൊട്ടിയ പൈപ്പ് നന്നാക്കാൻ വൈകിയതും പുതിയ പൈപ്പിലൂടെ വെള്ളം കൊടുക്കാതിരുന്നതും മറ്റ് പൈപ്പുകൾ അടച്ചതുമാണ് സ്ഥിതി വഷളാക്കിയത്. രണ്ട് ദിവസത്തിനുള്ളിൽ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ദേശീയപാത നിർമ്മാണ കരാറുകാർ ഉറപ്പ് നൽകിയെങ്കിലും നീണ്ടുപോവുകയായിരുന്നു. ശേഖരിച്ച് വച്ചിരുന്ന വെള്ളം ഉപയോഗിച്ചാണ് ഇത്രയും ദിവസം 500 ഓളം കുടുംബങ്ങൾ തള്ളിനീക്കിയത്.

പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന തുരുത്തുകളിലെ താമസക്കാരിൽ അധികവും നിർദ്ധനരായ തൊഴിലാളികളാണ്. ആഹാരം പാകം ചെയ്യാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ പോലും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ. കിട്ടുന്ന തുച്ഛമായ വരുമാനം വെള്ളം വാങ്ങാൻ കൊടുത്തുതീർക്കേണ്ട ഗതികേടാണുള്ളത്. കുടിവെള്ളം എന്ന് കിട്ടുമെന്ന ചോദ്യം മാത്രമാണ് തുരുത്തുകാർക്ക് ചോദിക്കാനുള്ളത്.

പൈപ്പ് പൊട്ടി​ക്കൽ തുടർക്കഥ

 കുടിവെള്ളം കിട്ടായതോടെ തുരുത്ത് നിവാസികൾ മീനത്തുചേരി കൗൺസിലറുടെ നേതൃത്വത്തിൽ ആൽത്തറമൂട്ടിൽ ദേശീയപാത നിർമ്മാണ പ്രവർത്തനം തടസപ്പെടുത്തി

 ശക്തികുളങ്ങര പൊലീസ് ദേശീയപാത നിർമ്മാണ കരാറുകാരും കൗൺസിലറുമായി ചർച്ച നടത്തി

 ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കുമെന്ന് നിർമ്മാണ കരാർ കമ്പനി അധികൃതരുടെ ഉറപ്പ്

 ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടൽ തുടർക്കഥ

 രണ്ട് വർഷമായി ശക്തികുളങ്ങര സോണലിലെ ഡിവിഷനുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം

ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ നിരന്തരം കുടിവെള്ള പൈപ്പുകൾ പൊട്ടിക്കുന്നുണ്ട്. സമയബന്ധിതമായി പ്രശ്നം പരിഹരിക്കാൻ കരാർ കമ്പനി അധികൃതർ തയ്യാറാകുന്നില്ല.

ബി.ദീപു ഗംഗാധരൻ, കൗൺസിലർ, മീനത്തുചേരി