കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ഫിസിഷ്യൻ അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവാവിനെ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച കഞ്ചാവും അളവുയന്ത്രവുമായി വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കടമക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര ഉമ്മന്നൂർ പ്ലാപ്പള്ളി സ്വദേശി അലൻകോശിയാണ് (25) പിടിയിലായത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 2.5 ഗ്രാം കഞ്ചാവും 8 ഗ്രാം സാധാരണ കഞ്ചാവും ചൈനീസ് നിർമിത അളവുയന്ത്രവുമാണ് പിടിച്ചെടുത്തത്. ഒരു കിലോയ്‌ക്ക് താഴെയായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കടമക്കുടി പാല്യാത്ത് റോഡിൽ രാത്രികാല പരിശോധന നടത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. പോണേക്കര ഭാഗത്ത് നിന്ന് വിൽപ്പനയ്കായി കൈമാറി കിട്ടിയ കഞ്ചാവെന്ന് അലൻകോശി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ആശുപത്രി അറിയിച്ചു.