
കൊല്ലം: കഥകൾ പറഞ്ഞും വായിപ്പിച്ചും വർത്തമാനം പറഞ്ഞുമൊക്കെ കമ്മിഷണർ കിരൺ നാരായണൻ കുട്ടികളുമായി കൂട്ടുകൂടി. പുസ്തകങ്ങളിലേക്ക് കണ്ണോടിച്ച്, വായിച്ചതിന്റെ രസങ്ങൾ പങ്കുവച്ചും മണിക്കൂറുകൾ നീണ്ട കൂട്ടുകൂടൽ. ആംഗലേയ സാഹിത്യത്തിന്റെ സാദ്ധ്യതകളും ആവശ്യകതയും കൂടി വിവരിച്ച് കമ്മിഷണർ അവർക്കിടയിൽ വാചാലയായി.
കമ്മിഷണർക്കൊപ്പം മക്കൾ ഒന്നാം ക്ളാസുകാരി ക്യാര പ്രദീപും പ്ളേ സ്കൂളുകാരൻ റയാൻസ് പ്രദീപും കൂടി ചേർന്നപ്പോൾ കുട്ടികൾക്ക് വേറിട്ട രസാനുഭവമായി. സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായുള്ള പോരാട്ടത്തിനായി ആവിഷ്കരിച്ച 'മുക്ത്യോദയം' കർമ്മ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കുട്ടികളുമായുള്ള കൂട്ടുകൂടൽ. ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഉന്നതികൾ (കോളനികൾ) കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുക. കല്ലുവാതുക്കൽ പാറയിൽ ഭാഗത്തെ ഉന്നതികളിലെ കുട്ടികളാണ് പങ്കെടുത്തത്. പുസ്തക വായനയിലൂടെ ചിന്തകളെയും പ്രവൃത്തികളെയും മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നും അതുവഴി ലഹരിയുടെ പിടിയിൽ അകപ്പെടാതെ പുതുതലമുറയെ സംരക്ഷിക്കാമെന്നുമാണ് കാഴ്ചപ്പാട്. കുട്ടികളുടെ ലീഡറെയും തിരഞ്ഞെടുത്തു. സമുദ്രതീരത്തിൽ കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കും തുടങ്ങി.
ലഹരിക്കെതിരെ മുക്ത്യോദയം
യുവതലമുറയെ ചേർത്ത് നിറുത്തി ലഹരിക്കെതിരെ പോരാടുകയുമാണ് മുക്ത്യോദയം പദ്ധതിയുടെ ലക്ഷ്യം
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ മുൻകൈയെടുത്ത് തയ്യാറാക്കിയ കർമ്മ പദ്ധതി
കുട്ടികളുടെ ശാരീരിക, മാനസിക, ആരോഗ്യ, വിദ്യാഭ്യാസ, കരിയർ നേട്ടങ്ങൾകൂടി ലക്ഷ്യമിട്ടുള്ള പ്രവർത്തനം
പൊലീസിനൊപ്പം എക്സൈസ് വിമുക്തി, ജില്ലാ മെന്റൽ ഹെൽത്ത് പ്രോജക്ട്, ക്യു.എസ്.എസ്.എസ്, ശിശുക്ഷേമ സമിതി, ഡി.സി.പി.യു എന്നിവയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നതി കൂട്ടായ്മകളും പദ്ധതിക്കൊപ്പം ചേരും
പ്രത്യേക കൗൺസലിംഗ് സംഘങ്ങളെ നിയോഗിച്ചു
ഉന്നതികൾ കേന്ദ്രീകരിച്ച് ലൈബ്രറികൾ
ആദ്യഘട്ടം
പുസ്തക വണ്ടി
പുസ്തക ചലഞ്ച്
വായന സദസ്
ജനസദസ്
അഭ്യാസ പ്രകടനം
സുംബ
ചിത്ര രചന
കലാ പരിപാടികൾ
പുസ്തക വായന പ്രോത്സാഹിപ്പിക്കേണ്ടതാണ്. കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കും. വായന ലഹരിയായി മാറണം. മലയാളം മാത്രംപോര, ഇംഗ്ളീഷ് അടക്കം മറ്റ് ഭാഷകളിലെ പുസ്തകങ്ങളും വായിക്കണം.
കിരൺ നാരായണൻ,
സിറ്റി പൊലീസ് കമ്മിഷണർ