suji

കൊല്ലം: കടൽ മാർഗമുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനും തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുമായി കൊല്ലം സിറ്റി പൊലീസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'സുരക്ഷിത തീരം' പദ്ധതിക്ക് തുടക്കമായി.

കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യുന്ന 15,000 ഓളം തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കും. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ നിന്ന് ആയിരത്തിലധികം മത്സ്യബന്ധന യാനങ്ങൾ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ പരിശോധിക്കാൻ ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖകളുടെ അഭാവത്തിൽ ബയോമെട്രിക് ഡിവൈസിന്റെ സഹായത്തോടെ ആധാർ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനവും ക്യാമ്പിലുണ്ട്.
പദ്ധതി ഉദ്ഘാടനം ശക്തികുളങ്ങര ഹാർബറിൽ നടന്ന ചടങ്ങിൽ ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. കൊല്ലം എ.സി.പി എസ്.ഷെരീഫ് അദ്ധ്യക്ഷനായി. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ എസ്.ജയൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, ശക്തികുളങ്ങര എസ്.എച്ച്.ഒ ആർ.രതീഷ്, ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോ. സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് എന്നിവർ സംസാരിച്ചു.
പൊലീസ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും ജനപ്രതിനിധികളും ബോട്ട് ഉടമകളും നിരവധി മത്സ്യബന്ധന തൊഴിലാളികളും പങ്കെടുത്തു.

തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനൊപ്പം തൊഴിൽ രംഗത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനും ക്ഷേമപദ്ധതികളുടെ അവബോധ ക്ലാസുകളും നൽകും.

കിരൺ നാരായണൻ

സിറ്റി പൊലീസ് കമ്മിഷണർ