പടിഞ്ഞാറെകല്ലട: പഞ്ചായത്തിലെ പ്രധാന റോഡുകളായ കാരാളിമുക്ക്-കടപുഴ റോഡും കാരാളിമുക്ക്-വളഞ്ഞ വരമ്പ്-കടപുഴ റോഡും ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിൽ കോടികൾ മുടക്കി നിർമ്മിച്ച പി.ഡബ്ല്യു.ഡി. ഹൈടെക് റോഡുകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാല് വർഷം മുമ്പ് കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിച്ച ഈ റോഡുകളുടെ മൂന്ന് വർഷത്തെ പരിപാലന ചുമതല കരാർ കമ്പനി പി.ഡബ്ല്യു.ഡി.ക്ക് കൈമാറിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
കാടുപിടിച്ച് അപകട ഭീഷണി
റോഡ് നവീകരിച്ചപ്പോൾ പഴയതിൽ നിന്ന് മുക്കാൽ മീറ്ററോളം ഉയർത്തുകയും വശങ്ങളിൽ ചെമ്മണ്ണ് ഉയർത്തുകയും ചെയ്തിരുന്നു. ഈ മണ്ണിൽ നിന്നും കാട്ടുചെടികൾ വളർന്ന് റോഡിലേക്ക് വ്യാപിച്ചത് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ചൂടുകൂടിയതോടെ വിഷപ്പാമ്പുകൾ രാത്രികാലങ്ങളിൽ റോഡിലൂടെ ഇഴയുന്നത് പതിവായി. തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾ ഭയത്തോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
പാർശ്വഭിത്തി തകർന്ന് കുഴികൾ
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന കല്ലടയാറിന്റെ തീരപ്രദേശമായ വളഞ്ഞവരമ്പ് മുതൽ തോപ്പിൽ കടവ് വരെയുള്ള റോഡിന്റെ ഭാഗങ്ങളിൽ പാർശ്വഭിത്തി നിർമ്മിക്കാത്തതിനാൽ, പുതുതായി ഇട്ട മണ്ണ് മഴയത്ത് ഒലിച്ചുപോയി. ഇതേ തുടർന്ന് പലഭാഗത്തും ടാറിംഗിനോട് ചേർന്ന ഭാഗത്ത് വൻ കുഴികൾ രൂപപ്പെടുകയും റോഡിന്റെ ടാറിംഗ് ഭാഗം ഇടിഞ്ഞുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
റോഡ് വശങ്ങൾ വൃത്തിയാക്കണം
പടിഞ്ഞാറെ കല്ലടയിലെ കാടുപിടിച്ച റോഡുകൾ വൃത്തിയാക്കുവാൻ ആളില്ല" എന്ന തലക്കെട്ടോടെ ഏതാനും മാസം മുമ്പ് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ പി.ഡബ്ല്യു.ഡി. റോഡിന്റെ വശങ്ങളിലെ കാടുകൾ അധികൃതർ ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. എന്നാൽ മറ്റുഭാഗങ്ങളിലെ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്.