കൊല്ലം: കിണറാഴത്തിൽ നിന്ന് കോരിയെടുത്ത സഹപ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും പതറാതെ രക്ഷാദൗത്യം തുടരുകയായിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. അർച്ചനയെ രക്ഷപ്പെടുത്താനായി 76 അടി താഴ്ചയുള്ള സുരക്ഷിതമല്ലാത്ത കിണറ്റിലേക്ക് ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി.എസ്.കുമാർ അപകടത്തിൽപ്പെട്ടുവെന്ന് ഉറപ്പായിട്ടും സഹപ്രവ‌‌‌ർത്തകരുടെ ഊർജ്ജം കെട്ടുപോയില്ല. ശ്രമകരമായി സോണിയെ പുറത്തെടുത്തപ്പോൾ തലപൊട്ടി തലച്ചോർ പുറത്തേക്ക് വന്ന നിലയിലായിരുന്നു. മരിച്ചുവെന്ന് ഉറപ്പിച്ചെങ്കിലും തെല്ലുപോലും സമയം കളയാതെ ഒരു ഉദ്യോഗസ്ഥനും അവിടെയുണ്ടായിരുന്ന രണ്ടുപേരുമായി സോണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. അപ്പോഴും രണ്ട് ജീവനുകൾ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു മറ്റ് ഉദ്യോഗസ്ഥർ. കുണ്ടറ, കൊല്ലം യൂണിറ്റുകളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് സംഘമെത്തിയതാണ് പിന്നീട് മറ്റ് രണ്ടുപേരെയും പുറത്തെടുത്തത്.