photo
തകർന്ന് കിടക്കുന്ന മുഴങ്ങോട്ട് വിള - തുറയിൽക്കുന്ന് ക്ഷേത്രം റോഡ്

കരുനാഗപ്പള്ളി: നഗരസഭയിലെ ഏറ്റവും പ്രധാനപ്പെട്ട തീരദേശ റോഡുകളിലൊന്നായ മുഴങ്ങോട്ട് വിള - തുറയിൽകുന്ന് റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. റോഡിന്റെ മിക്ക ഭാഗങ്ങളും വലിയ കുണ്ടും കുഴിയുമായി മാറിയതോടെ ഇതുവഴിയുള്ള കാൽനട യാത്ര പോലും ദുസഹമായിരിക്കുകയാണ്.

വർഷങ്ങളായി തകർന്ന് കിടക്കുന്നു

മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. മഴവെള്ളം നിറഞ്ഞ കുഴികളിൽപ്പെട്ട് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്. വെറും 750 മീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്.

കരുനാഗപ്പള്ളി നഗരസഭയിലെ 29, 30, 31, 32, 33, 34 എന്നീ ആറ് ഡിവിഷനുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

പ്രധാന പാത തന്നെ

തൈയ്ക്കാവുകൾ, കന്നേലി ക്ഷേത്രം, തുറയിൽകുന്ന് ക്ഷേത്രം, ചൂരയ്ക്കാട്ട് ക്ഷേത്രം, മുഴങ്ങോട്ടവിള ഗവ. യു.പി. സ്കൂൾ, തുറയിൽകുന്ന് ശ്രീനാരായണ യു.പി. സ്കൂൾ തുടങ്ങിയ നിരവധി ആരാധനാലയങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ആലപ്പാട്ടുകാർ പണിക്കർകടവിൽ എത്തി തുറയിൽകുന്ന് വഴിയാണ് കരുനാഗപ്പള്ളി ടൗണിലേക്ക് പോകുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് കഴിയുന്നത്.

ജനപ്രതിനിധികൾ മനസ് തുറന്നെങ്കിൽ

നഗരസഭയുടെ ഫണ്ട് മാത്രം ഉപയോഗിച്ച് റോഡ് നവീകരണം പൂർത്തിയാക്കാൻ കഴിയില്ലെന്നും സർക്കാർ ഏജൻസികളോ ജനപ്രതിനിധികളോ മനസ് തുറന്നെങ്കിൽ മാത്രമേ റോഡ് സഞ്ചാരയോഗ്യമാകൂ എന്നും നാട്ടുകാർ പറയുന്നു. റോഡ് നവീകരിക്കുമ്പോൾ ഓടയില്ലാത്ത സ്ഥലങ്ങളിൽ ഓടകൾ നിർമ്മിച്ച് മഴവെള്ളം തുറയിൽകുന്ന് ക്ഷേത്രത്തിന് സമീപത്തു കൂടി പോകുന്ന പശ്ചിമതീര കനാലിൽ ഒഴുക്കി വിടാനുള്ള നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

മഴവെള്ളം ഒഴുകിപ്പോകാൻ മതിയായ മാർഗമില്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം. റോഡിന്റെ വശത്ത് 100 മീറ്റർ ദൈർഘ്യത്തിൽ മാത്രമാണ് ഓടയുള്ളത്. വെള്ളം ഒഴുകിപ്പോകാതെ റോഡിൽ തന്നെ കെട്ടിനിന്ന് വറ്റുന്നത് റോഡിന്റെ നില കൂടുതൽ വഷളാക്കുന്നു.

നാട്ടുകാർ