ghbn

പുനലൂർ: കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് പച്ചില മലയിൽ ഉരുൾപൊട്ടൽ. ടൂറിസം കേന്ദ്രമായ പിനാക്കിൾ വ്യൂ പോയിന്റിന് സമീപമാണ് ഉരുൾപൊട്ടിയത്. സമീപത്ത് വീടുകൾ ഇല്ലാഞ്ഞതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

റബർ തോട്ടം നിൽക്കുന്ന കുന്നിൻ പ്രദേശമാണ് ആദ്യം ഇടിഞ്ഞത്. പാറക്കൂട്ടത്തിന് മുകളിൽ നിൽക്കുന്ന വലിയ 30 റബർ മരങ്ങൾ കടപുഴകി മണ്ണിനടിയിലായി. താഴേക്ക് ഒരു കിലോമീറ്റർ ദൂരം മരങ്ങളും മണ്ണും ഒഴുകി വയിലിലാണ് ചെന്നുചേർന്നത്.

വെഞ്ചേമ്പ് കളരിയ്ക്കൽ വീട്ടിൽ മിനിയുടെ പേരിലുള്ള റബർ തോട്ടത്തിലെ മരമാണ് കൂടുതലും നശിച്ചത്. കൂടാതെ മംഗലത്ത് വീട്ടിൽ അനിതയുടെ പുരയിടത്തിലേ റബർ തൈയും വാഴ കൃഷിയും കുരുവിള പുളിമൂട്ടിൽ വീട്ടിൽ രാജമ്മയുടെ വാഴ കൃഷിയും നശിച്ചു. ഉരുൾപൊട്ടൽ നേരിട്ട പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴയായിരുന്നു. 9 മണിയോടെ മഴ തോർന്നു. അപ്പോഴാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ചെറിയ കെട്ടിടം മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിന്റെ മൂലഭിത്തി തകർന്നിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്നവ‌ർ ദീപാവലിക്ക് നാട്ടിൽ പോയിരുന്നു. കരവാളൂർ പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, ജിയോളജി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി വരുന്നു.