fghn
ഇടമൺ സബ് സ്റ്റേഷന് സമീപം പാക്കറ്റിലാക്കിയ ബിരിയാണി കച്ചവടം നടത്തിവന്ന ബീനയുടെ കടയിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ .

പുനലൂർ: ഉപജീവനത്തിനായി വീട്ടമ്മ നടത്തിവന്ന കടയും ഉപകരണങ്ങളും നശിപ്പിച്ചതായി പരാതി. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടമൺ സബ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

ആനപെട്ടകോങ്കൽ സ്വദേശിനിയായ ബീന എന്ന വീട്ടമ്മയാണ് ഇവിടെ ബിരിയാണിയും നാരങ്ങാവെള്ളവും വിൽപന നടത്തിവന്നിരുന്നത്. ഇന്നലെ പകൽ കച്ചവട സ്ഥലത്ത് എത്തിയപ്പോഴാണ് അക്രമം ശ്രദ്ധയിൽപ്പെട്ടത്.

കടയിലുണ്ടായിരുന്ന അഞ്ച് കസേരകളും രണ്ട് ടേബിളുകളും പൂർണ്ണമായും അടിച്ചു തകർത്ത നിലയിലായിരുന്നു. ഇരുമ്പിൽ നിർമ്മിച്ച ടേബിൾ മറിച്ചിട്ട നിലയിലും കാണപ്പെട്ടു.

സംഭവത്തിൽ ബീന തെന്മല പൊലീസിൽ പരാതി നൽകി. രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.