ഓടനാവട്ടം : പാലവും റോഡും മറച്ചുകൊണ്ട് കാടുകൾ വളർന്നുനിൽക്കുന്നതിനാൽ ഓടനാവട്ടം കട്ടയിൽ പാലം വീണ്ടും അപകടഭീഷണിയിൽ. പലപ്പോഴും തലനാരിഴ വ്യത്യാസത്തിലാണ് വലിയ ദുരന്തങ്ങൾ ഒഴിവാകുന്നത്. പാലത്തിനോട് ചേർന്നുള്ള റോഡിലെ നിർമ്മാണാവശിഷ്ടങ്ങളും മാലിന്യക്കൂമ്പാരവും സ്ഥിതി കൂടുതൽ വഷളാക്കുന്നു. കട്ടയിൽ പാലത്തിന്റെ ഇരുവശങ്ങളിലും കാട് വളർന്നു പന്തലിച്ചു നിൽക്കുന്നത് റോഡും അതുവഴി വരുന്ന വാഹനങ്ങളും കാണാനാകാത്ത അവസ്ഥയുണ്ടാക്കുന്നു.

മാലിന്യക്കൂമ്പാരമായി പുരാതന തോട്

നി‌ർമ്മാണാവശിഷ്ടങ്ങൾ നീക്കാനാളില്ല

മുൻകാലങ്ങളിൽ പ്രദേശത്തെ സാമൂഹിക സ്നേഹികൾ ഇത്തരം മറവുണ്ടാക്കുന്ന ചെടികൾ വെട്ടിമാറ്റി ഗതാഗത തടസം ഒഴിവാക്കുമായിരുന്നു. എന്നാൽ, പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണം കഴിഞ്ഞ സിമന്റ് കട്ടകളും മണ്ണും ലോഡ് കണക്കിന് ഇവിടെ ഉപേക്ഷിച്ചിട്ട് മാസങ്ങളായി. ഈ കൂമ്പാരം കാരണം പ്രദേശവാസികൾക്ക് കാടുകൾ വെട്ടിമാറ്റാൻ കഴിയുന്നില്ല.

പഞ്ചായത്ത് ഇടപെടണം

റോഡ് വർക്ക് അധികൃതർ പാലത്തിനോട് ചേർത്തിട്ടിരിക്കുന്ന ലോഡ് കണക്കിന് വരുന്ന കല്ലും മണ്ണും ഉടൻ നീക്കം ചെയ്യണമെന്നും കാട് വെട്ടിമാറ്റാനും, മാലിന്യം തള്ളുന്നതിനെതിരെ

നടപടിയെടുക്കാനും പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഈ ഭാഗം ഒരു 'എസ്' വളവായതിനാൽ ദൂരക്കാഴ്ച തടസ്സപ്പെടുന്നത് വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. റോഡ് വശങ്ങളിൽ കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുന്നതിനാൽ മഴ പെയ്യുമ്പോൾ വെള്ളം റോഡിലൂടെ ഒഴുകി ഞങ്ങളുടെ സ്ഥാപനത്തിലേയ്ക്കാണ് വരുന്നത്. അതോടൊപ്പം, ജല മിഷൻ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന വലിയ ഗർത്തവും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. റോഡ് പണി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഭാഗങ്ങളിൽ റോഡിന്റെ സൈഡ് കോൺക്രീറ്റ് ചെയ്തിട്ടില്ല. അതിനാൽ റോഡരികുകൾ മഴവെള്ളത്തിൽ നശിച്ചുപോകുകയാണ്. റോഡരുകിലെ ചെറുകിട വ്യാപാരികളും ഈ മാലിന്യക്കൂമ്പാരം കാരണം കഷ്ടത്തിലായി.

സുരേഷ് ബാബു,

തടിയുരുപ്പടി നിർമാണം,

കട്ടയിൽ പാലത്തിനു സമീപം