കൊല്ലം: കാമ്പുള്ള ചർച്ചകളും നൂതന ആശയങ്ങളും പരാതികളും പരിഭവങ്ങളും പിന്നെ കലാപരിപാടികളുമായി ഏകദിന കാഷ്യു കോൺക്ളേവ് കൊല്ലത്തിന് വേറിട്ട അനുഭവമായി. ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഒരു പകൽനീണ്ട കോൺക്ളേവ് പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

കശുഅണ്ടി വ്യവസായം 2031ൽ എങ്ങിനെ എത്തണമെന്ന വികസന കാഴ്ചപ്പാടോടെയാണ് കാഷ്യു കോൺക്ളേവ് സംഘടിപ്പിച്ചത്. രാവിലെ ക്ഷണിക്കപ്പെട്ട അഞ്ഞൂറുപേരെ ഉൾപ്പെടുത്തിയാണ് ഉദ്ഘാടന സെഷൻ പ്ളാൻ ചെയ്തതെങ്കിൽ 650 പ്രതിനിധികളും മാദ്ധ്യമ പ്രവർത്തകരും പങ്കെടുത്തു. പിന്നെയാണ് രണ്ട് വേദികളിലായി ചർച്ചകൾ നടത്തിയത്. 'കമ്പോള വെല്ലുവിളിയും ബദലുകളും' ഒരിടത്ത് ചർച്ച ചെയ്തപ്പോൾ രണ്ടാം വേദിയിൽ 'പുതിയ കാലം, പുതിയ സമീപനം' ചർച്ചയ്ക്കെടുത്തു.

കശുഅണ്ടി മേഖലയിലെ പഠന റിപ്പോ‌ർട്ടുകൾ അവതരിപ്പിക്കുകയും വ്യവസായികളുടെയും തൊഴിലാളികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും ആശങ്കകളും ആവശ്യങ്ങളും പുതിയ സാദ്ധ്യതകളുടെ അന്വേഷണങ്ങളും ചർച്ച ചെയ്യുകയുമായിരുന്നു. മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കര പിള്ള എന്നിവ‌‌ർ സജീവമായി ഇടപെട്ടു.

മത്സരതുല്യം കലാമേള

കശുഅണ്ടിക്കറ പുരണ്ട കൈകൾ കൊട്ടി, പാട്ടുപാടി വട്ടം ചുറ്റിയാടി അവർ വേദി നിറച്ചു. കശുഅണ്ടി തൊഴിലാളികളുടെ തിരുവാതിരയും കൈകൊട്ടിക്കളിയുമടക്കം കലാവിരുന്നുകൾ സദസിന്റെ മനം നിറച്ചു. തൊഴിലാളികൾ കശുഅണ്ടി ഫാക്ടറികളിലാണ് കലാപരിപാടികൾ പരിശീലിച്ചത്. ഓണക്കാലത്ത് തുടങ്ങിയതാണ് പരിശീലനം. ഊഴംകാത്ത് വേദിക്ക് പിന്നിൽ തന്നെ കലാകാരികളുടെ നീണ്ട നിരയുണ്ടായിരുന്നു. സമയം ക്രമീകരിച്ച് നൽകാൻ സംഘാടകർ പണിപ്പെട്ടു. മത്സര തുല്യമായിരുന്നു കലാ പ്രകടനങ്ങൾ.