dd

കൊല്ലം: ഐക്യരാഷ്ട്ര സഭയുടെ 80-ാമത് പൊതുസഭയുടെ ഡികോളനൈസേഷനുമായി ബന്ധപ്പെട്ട ചർച്ചയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമെന്ന നിലയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രേമചന്ദ്രൻ പ്രതിഷേധം അറിയിച്ചത്. ജമ്മുവിനെയും കാശ്മീരിനെയും കുറിച്ച് കള്ളം പ്രചരിപ്പിക്കാൻ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയുടെ വേദിയെ ദുരുപയോഗം ചെയ്യുകയാണ്. ഭീകരത,ആക്രമണം,സങ്കുചിതത്വം തുടങ്ങിയവയുടെ മൂലസ്ഥാനമാണ് പാകിസ്ഥാൻ. കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരർ പഹൽഗാമിൽ 26 നിരപരാധികളെയാണ് കൊലപ്പെടുത്തിയത്. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈയേറിയ പ്രദേശങ്ങളിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം. സൈനിക ആധിപത്യം,വ്യാജ തിരഞ്ഞെടുപ്പുകൾ,ജനകീയ നേതാക്കളെ തടവിലാക്കൽ,മത തീവ്രവാദം,രാജ്യം സ്‌പോൺസർ ചെയ്യുന്ന ഭീകരത എന്നിവയ്ക്ക് റെക്കാഡ് സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ ധർമ്മോപദേശപ്രഭാഷണം നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ലോകചാമ്പ്യനും നേതൃപരമായ ശബ്ദവുമാണ്. ഡികോളനൈസേഷൻ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം അക്ഷീണം പ്രവർത്തിക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.