gggb
കല്ലടയാറിന് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ സർവ്വേ നടപടികൾ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ : പുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കല്ലടയാറിന് കുറുകെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സർവേ നടപടികൾക്ക് തുടക്കമായി. പി.എസ്. സുപാൽ എം.എൽ.എ സർവേ ഉദ്ഘാടനം ചെയ്തു. ടോട്ടൽ സ്റ്റേഷൻ സർവേ, നദിയിലുള്ള പരിശോധന എന്നിവ ഉൾപ്പെടുന്ന സർവേ നടപടികളാണ് നടക്കുന്നത്. പരിശോധന പൂർത്തിയാക്കി വിശദമായ അലൈൻമെന്റും രൂപരേഖയും വേഗത്തിൽ തയ്യാറാക്കി തുടർനടപടികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ പുഷ്പലത, കൗൺസിലർമാരായ അഡ്വ.പി.എ.അനസ്, അജി ആന്റണി, അരവിന്ദൻ, നിർമ്മല സത്യൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.ബിജു, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

പാലത്തിന്റെ അലൈൻമെന്റ്

പുനലൂർ ശിവൻകോവിൽ കടവിൽ നിന്ന് ആരംഭിച്ച് കല്ലടയാറിന് കുറുകെ പുനലൂർ - മൂവാറ്റുപുഴ മെയിൻ ഈസ്റ്റേൺ ഹൈവേയിൽ നെല്ലിപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ എത്തുന്ന രീതിയിലാണ് അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളത്.