ശാസ്താംകോട്ട : മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും സംസ്ഥാന തണ്ണീർത്തട അതോറിട്ടിയും ചേർന്നു മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംവിധാനത്തിന്റെ സഹായത്തോടെ ശാസ്താംകോട്ട തടാക തീരത്ത് നേച്ചർ പാർക്ക് ഒരുക്കി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തടാകത്തിന്റെ തീരശോഷണം പരിഹരിക്കൽ, പ്രദേശത്തെ വിവിധ ബ്ലോക്കുകളായി തിരിച്ച് ശാസ്ത്രീയ വൃക്ഷവത്കരണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്‌ഥാന തണ്ണീർത്തട അതോറിട്ടി ആവിഷ്‌കരിച്ച 24.75 ലക്ഷം രൂപയുടെതാണ് പദ്ധതി. മണ്ണ് സംരക്ഷണ വകുപ്പിന്റെ ശാസ്താംകോട്ട ഓഫീസാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.ഗീത, വർഗീസ് തരകൻ,ഗുരുകുലം രാജേഷ്,അനിൽ തുമ്പോടൻ, ഉഷാലയം ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ ക്യാച്ച്മെന്റ് കോൺസർവേഷൻ കമ്മിറ്റി അംഗങ്ങൾ, വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് കോളേജ് അദ്ധ്യാപക -വിദ്യാർത്ഥി സമൂഹം എന്നിവർ പങ്കെടുത്തു. തുടർന്ന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ശാസ്താംകോട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു.