കൊല്ലം: 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും 2.7 ലക്ഷം രൂപ പിഴയും. കിളികൊല്ലൂർ കന്നിമേൽ ചേരിയിൽ (ഉളിയകോവിൽ ജാനകി നിവാസ്) ബിനുവിനെയാണ് (38) കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 17 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ ആ തുക അതിജീവിതയ്ക്ക് നൽകണമെന്നും ഈ തുകയ്ക്ക് പുറമേ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്ന് അതിജീവതയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനും വിധിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ശുപാർശ ചെയ്തു. 2022 ലാണ് കേസിനാസ്പദമായ സംഭവം. കിളികൊല്ലൂർ എസ്.എച്ച്.ഒ ആയിരുന്ന എൻ.ഗിരീഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. എ.എസ്.ഐമാരായ പ്രസന്ന ഗോപൻ, ഷീബ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.