dddd
പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തനമാരംഭിച്ച കെ എസ് ഇ ബി സബ് എഞ്ചിനീയർ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഡോ:സി ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.

പടിഞ്ഞാറെകല്ലട : വാടക നൽകാനാവാതെ വന്നതിനെത്തുടർന്ന് പ്രവർത്തനം നിലച്ച പടിഞ്ഞാറെകല്ലട കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫീസ് ഗ്രാമപഞ്ചായത്തിന്റെ ഇടപെടലിലൂടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പഞ്ചായത്ത് വാടകയ്‌ക്കെടുത്ത് നൽകിയ കെട്ടിടത്തിലാണ് ഓഫീസ് തുറന്നത്.

വാടക ഇല്ല, കെട്ടിട ഉടമ താഴിട്ട് പൂട്ടി

കാരാളിമുക്ക് ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ കടമുറിയിൽ 30 വർഷത്തിലധികമായി പ്രവർത്തിച്ചിരുന്ന ഓഫീസാണ് വാടക ലഭിക്കാത്തതിനെത്തുടർന്ന് കെട്ടിട ഉടമ താഴിട്ട് പൂട്ടിയത്. ഏകദേശം അഞ്ചു വർഷം മുൻപാണ് ഈ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. 10 വർഷം മുൻപ് കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫീസ് നിറുത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടായിരുന്നതിനാൽ ഈ ഓഫീസിന് വാടക നൽകാൻ അനുമതി ഉണ്ടായിരുന്നില്ല. നാട്ടുകാർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് മുൻ കെട്ടിട ഉടമ വാടക ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ നാല് മാസം മുൻപ് കെട്ടിടം മറ്റൊരു വ്യക്തിക്ക് വിൽക്കുകയും വാടക ലഭിക്കാത്തതിനെത്തുടർന്ന് പുതിയ ഉടമ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടുകയും ചെയ്തു. വാടക നൽകാൻ അനുമതിയില്ലെന്ന മറുപടി ലഭിച്ചതോടെയാണ് കടമുറിക്ക് താഴിട്ടത്.

നാട്ടുകാരുടെ ദുരിതം

ഓഫീസിന്റെ പ്രവർത്തനം നിലച്ചതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ചെറുതും വലുതുമായ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ അകലെയുള്ള ശാസ്താംകോട്ടയിലെ സെക്ഷൻ ഓഫീസിനെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു നാട്ടുകാർ. ഈ വിഷയത്തെക്കുറിച്ച് 'വാടക ലഭിച്ചില്ല, കെ.എസ്.ഇ.ബി. സബ് എൻജിനീയർ ഓഫീസിന് താഴിട്ടു' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത നൽകിയിരുന്നു.

വലിയ ആശ്വാസമായി പുതിയ കെട്ടിടം

ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ ഓഫീസ് പുനരാരംഭിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ മൻസൂർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ജയചന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ രാധാകൃഷ്ണപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.സുധീർ, ജെ. അംബിക കുമാരി, ഉഷാലയം ശിവരാജൻ, അംഗങ്ങളായ സിന്ധു, സുനിതാ ദാസ്, കൂടാതെ കെ.എസ്.ഇ.ബി., പഞ്ചായത്ത് വിഭാഗങ്ങളിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.