photo
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻെറ മുന്നോടിയായി ട്വൻറി ട്വൻറി പാർട്ടിയുടെ നേത്വതൃത്തിൽ പത്തനാപുരം-കുന്നിക്കോട് പാതയോരത്ത്ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകൾ

പത്തനാപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ ശക്തമായ പ്രചാരണവുമായി ട്വന്റി 20 പാർട്ടി രംഗത്തെത്തിയത് പത്തനാപുരത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് തലവേദനയാകുന്നു. നിയോജകമണ്ഡലം തല കൺവെൻഷനും ശക്തിപ്രകടനവുമാണ് കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്നത്.

രണ്ടാഴ്ച മുമ്പുതന്നെ മണ്ഡലത്തിലെ പ്രധാന പാതയോരങ്ങളിലും ഇടറോഡുകളിലും ട്വന്റി 20 പാർട്ടിയുടെ പോസ്റ്റർ പ്രചാരണം ആരംഭിച്ചിരുന്നു. പുനലൂർ-മൂവാറ്റുപുഴ പാതയോരങ്ങളിലെ പത്തനാപുരം ജംഗ്ഷൻ, പള്ളിമുക്ക്, കടയ്ക്കാമൺ, പിറവന്തൂർ, മുക്കടവ് തുടങ്ങിയ സ്ഥലങ്ങളിലും പത്തനാപുരം-കുന്നിക്കോട് പാതയോരങ്ങളിലെ വ്യാപാരശാലകളുടെ ഭിത്തികളിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന കൂറ്റൻ കൺവെൻഷന് മുന്നോടിയായി നെടുംമ്പറമ്പിൽ നിന്നും സ്ത്രീകളടക്കമുള്ള പ്രവർത്തകർ പങ്കെടുത്ത ശക്തിപ്രകടനവും നടന്നു. തുടർന്ന് നടന്ന കൺവെൻഷനിൽ പീറ്റർ മാത്യൂ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോജി മാത്യൂ അദ്ധ്യക്ഷനായി.

പത്തനാപുരം നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും, ഈ അഞ്ച് പഞ്ചായത്തുകളിലും പഞ്ചായത്ത് തല കൺവെൻഷൻ ചേർന്ന ശേഷം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കാനും കൺവെൻഷനിൽ തീരുമാനമായി. ട്വന്റി 20യുടെ അപ്രതീക്ഷിതവും ശക്തവുമായ നീക്കം മറ്റ് മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമോ എന്ന ആശങ്കയിലാണ് പ്രാദേശിക നേതാക്കൾ.