photo

കൊല്ലം: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ഗ്രാം എം.ഡി.എ.എയുമായി യുവാവ് പിടിയിൽ. അഞ്ചൽ ചന്തമുക്ക് പുത്തൻവിള വീട്ടിൽ അഭയിനെയാണ് (അപ്പു, 25) കൊല്ലം റൂറൽ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ യുവാവ് വരുന്നുണ്ടെന്ന പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബസ് കൊട്ടാരക്കര പെട്രോൾ പമ്പിൽ എത്തിയപ്പോഴാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. അഭയിനെ ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തിട്ടും എം.ഡി.എം.എ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിനിടെ ലഭിച്ച ചില സംശയങ്ങളെ തുടർന്നാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ദേഹ പരിശോധനയിലാണ് മലദ്വാരത്തിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂറൽ ഡാൻസാഫ് ടീം അംഗങ്ങളായ ജ്യോതിഷ് ചിറവൂർ, ബാലാജി.എസ്.കുറുപ്പ്, സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ ക്ളീറ്റസ്, സജു, ദിലീപ്, അനീഷ്, നഹാസ്, കൊട്ടാരക്കര എസ്.ഐമാരായ എ.ആർ.അഭിലാഷ്, അഭിസലാം, രാജൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.