t
അകടത്തിൽ തകർന്ന ബൈക്ക്

കൊല്ലം: ഭാര്യയെ ബൈക്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വിട്ട ശേഷം വീട്ടിലേക്ക് മടങ്ങവേ കാർ ഇടിച്ച് ഗൃഹനാഥന് പരിക്ക്. മുളങ്കാടകം വെസ്റ്റ് കൊല്ലം ഗവ.എച്ച്.എസ്.എസിന് മുന്നിൽ ഇന്നലെ രാവിലെ 9.30നുണ്ടായ അപകടത്തിൽ കാവനാട് കേരനഗർ 128ൽ വിളയിൽ കാവിൽ വിജയൻപിള്ളയ്ക്കാണ് (57) പരിക്കേറ്റത്. എതിർദിശയിൽ നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കാർ സമീപത്തെ കെട്ടിടത്തിലെ ഇരുമ്പ് ഗേറ്റുകൾ ഇടിച്ചു തകർത്ത ശേഷമാണ് നിന്നത്.

വിജയൻ പിള്ളയുടെ കാൽ ഒടിയുകയും വലതുകാലിലെ തള്ളവിരൽ അറ്റുപോകുകയും ചെയ്തു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയൻ പിള്ളയെ ആശുപത്രിയിലേക്കു കൊണ്ടു പോയ ശേഷമാണ് വിരൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് ഇത് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. വിരൽ തുന്നിച്ചേർക്കാൻ വിജയൻ പിള്ളയെ പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപകടം നടന്ന് ഏറെ സമയമായതിനാൽ തുന്നിച്ചേർക്കാനായില്ല. സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. കാവനാട് സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഓടിച്ചിരുന്നത് രഘുനാഥൻ എന്നയാളാണെന്നും പൊലീസ് പറഞ്ഞു.