ചിതറ: ചിതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മടത്തറ ശിവൻമുക്കിൽ കഴിഞ്ഞ മാസം 17-ന് നടന്ന കടകളിലെ മോഷണക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കി. ശിവൻമുക്കിൽ പ്രവർത്തിക്കുന്ന ദിനേശിന്റെ ഉടമസ്ഥതയിലുള്ള രേവതി സ്റ്റോർ, ഷീബയുടെ ഉടമസ്ഥതയിലുള്ള റേഷൻ കട, പ്രഭുലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജി.ജി. സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മോഷണം നടന്ന ദിവസം സമീപത്തെ സി.സി.ടി.വി.യിൽ പ്രതികൾ സഞ്ചരിച്ച ചുമന്ന മാരുതി സ്വിഫ്റ്റ് കാർ പതിഞ്ഞിരുന്നു. ഈ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവെയാണ്, നിരവധി മോഷണക്കേസുകളിലെ പ്രതികളായ തിരുവനന്തപുരം സ്വദേശികളായ അയൂബ്ഖാൻ, സൈതലവി എന്നിവർ പാലോട് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. പിന്നീട് ഇവരെ മലപ്പുറത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ മടത്തറ ശിവൻമുക്കിൽ നടന്ന മോഷണത്തിൽ ഇരുവർക്കും പങ്കുള്ളതായി കണ്ടെത്തി. തുടർന്ന് ചിതറ സബ് ഇൻസ്പെക്ടർ അജിത്ത് ലാലിന്റെ നേതൃത്വത്തിൽ പ്രതികളെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിക്കുകയും ശിവൻമുക്കിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.