ഓച്ചിറ: നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഓച്ചിറ വയനകം തട്ടകം ഏർപ്പെടുത്തിയ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം നാടക രചയിതാവ സംവിധായകന നിർമ്മാതാവുമായ ചെറുന്നിയൂർ ജയപ്രസാദിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ സമ്മാനിച്ചു. തട്ടകം നടത്തിയ ഗീഥാ സലാം സ്മാരക നാടകോത്സവത്തിലെ വിജയി കൾക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടന്നു. തിരുവനന്തപുരം അജന്തയുടെ 'വംശം' മികച്ച നാടകാവതരണം, മികച്ച സംവിധാനം (സുരേഷ് ദിവാകർ ),മികച്ച നടൻ (അനിൽ ചെങ്ങന്നൂർ - ഭീമസേനൻ ) മികച്ച രംഗ സജ്ജീകരണം, മികച്ച ശബ്ദനിയന്ത്രണം എന്നീ അവാർഡുകൾകരസ്ഥമാക്കി. മികച്ച രണ്ടാമത്തെ നാടകാവതരണം തിരുവനന്തപുരം നവോദയയുടെ 'സുകുമാരി'യ്ക്ക് ലഭിച്ചു. മികച്ച നടി - ഗോപിക സുജി ( ആനന്ദഭൈരവി ). പകലിൽ മറഞ്ഞിരുന്നൊരാൾ, സൈറൺ, എന്നീ നാടകങ്ങളിലൂടെ മികച്ച രചനയ്ക്കുള്ള അവാർഡിന് ഹേമന്ത്കുമാർ അർഹനായി. വിവിധ നാടകങ്ങൾക്ക് രംഗപടമൊരുക്കിയ വിജയൻകടമ്പേരിയ്ക്കാണ് മികച്ച രംഗപടത്തിനുള്ള അവാർഡ്. മികച്ച ദീപവിതാനത്തിന് പകലിൽ മറഞ്ഞിരുന്നൊരാൾ അർഹനായി. അഡ്വ.എൻ.അനിൽകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ ഗേളി ഷൺമുഖൻ, സുൽഫിയ ഷറിൻ, എൻ.കൃഷ്ണകുമാർ, ബാബു കൊപ്പാറ, അൻസർ എ.മലബാർ, ദിലീപ് പ്ലാക്കാട്ട്, റജി ആർ.കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.