കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ 19ന് നൽകുന്ന ഗംഭീര സ്വീകരണത്തിന്റെ ഒരുക്കങ്ങൾ പൂരോഗമിക്കുന്നു.

കന്റോൺമെന്റ് മൈതാനത്ത് പന്തൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

200 അടി നീളവും 83 അടി വീതിയിലുമാണ് അതിവിശാലമായ പന്തൽ സജ്ജമാകുന്നത്. അലുമിനിയം ജർമൻ ഹാംഗർ ടെന്റ് പന്തലാണ് ഉയരുന്നത്. അലൂമിനിയം ചട്ടക്കൂടിൽ പി.വി.സി കോട്ടിംഗ് ഷീറ്റ് ഉപയോഗിച്ചുള്ളതാണ് മേൽക്കൂര. പതിനായിരത്തോളം കസേരകൾ വരെ നിരത്താൻ കഴിയും. തറയിൽ ചുവപ്പ് പരവതാനി വിരിക്കും. പന്തലിനുള്ളിൽ ചൂട് മറികടക്കാൻ ഫാനുകളും സ‌ജ്ജമാക്കും. വീഡിയോ പ്രദർശിപ്പിക്കാനായി എൽ.ഇ.ഡി വാളുണ്ട്. കൊല്ലം യൂണിയൻ പരിധിയിലെ 77 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയരും പോഷകസംഘടനാ അംഗങ്ങളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കും. ചായയും ചെറുകടികളുമുണ്ടാവും. വൈകിട്ട് 4.30 ന് ആണ് സ്വീകരണവും ആദരിക്കലും.

മഞ്ഞ നിറഞ്ഞ് നഗരം

സ്വീകരണം ആഘോഷമാക്കാൻ നാടും നഗരവും പീതശോഭയിലായി. നഗരത്തിൽ എല്ലായിടങ്ങളിലും പീതപതാകകൾ നിറഞ്ഞു. ശക്തികുളങ്ങര മുതൽ മേവറം വരെ 150 ൽ അധികം ബോർഡുകളും ചിന്നക്കട ഉൾപ്പെടെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വലിയ അഞ്ച് ഹോർഡിംഗുകളും സ്ഥാപിച്ചു. കൊടിതോരണങ്ങൾ നിരന്നു. അലങ്കാര ലൈറ്റുകളും ട്യൂബുകളും നഗരത്തെ കൂടുതൽ മനോഹരമാക്കും.