കുന്നത്തൂർ: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കും എതിരെ യു.ഡി.എഫ് ചെയർമാൻ അടൂർ പ്രകാശ് എം.പി. ക്യാപ്ടനായുള്ള "വിശ്വാസ സംരക്ഷണയാത്ര"യ്ക്ക് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ശബരിമല വിഷയത്തിൽ കോൺഗ്രസിന് രാഷ്ട്രീയമില്ലെന്നും എക്കാലവും വിശ്വാസ സമൂഹത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ യുവതി പ്രവേശവും സ്വർണം കടത്തലും വനിതാമതിലും ഉൾപ്പെടെ നടന്നത് 2019 ജനുവരിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങൾ നടന്നതിന്റെ മറവിലാണ് സർക്കാരിന്റെയും ദേവസ്വത്തിന്റെയും അറിവോടെ സ്വർണ കടത്ത് നടന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു.
സി.പി.എമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന പദ്മകുമാറും അനന്തഗോപനും ഒക്കെയാണ് അക്കാലത്ത് ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. കടകംപള്ളി സുരേന്ദ്രനായിരുന്നു വകുപ്പ് ഭരിച്ചിരുന്നത്. ഇവർക്കും നിലവിലെ മന്ത്രിക്കും ബോർഡ് പ്രസിഡന്റ് അടക്കമുള്ളവർക്കും സ്വർണ കവർച്ചയിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപ്പട്ടികയിൽ വന്നിട്ടും ഉണ്ണികൃഷ്ണൻപോറ്റിയെയും അക്കാലത്തെ ദേവസ്വം അംഗങ്ങൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്നും വിഷ്ണുനാഥ് ചോദിച്ചു. സ്വാഗതസംഘം ചെയർമാൻ എം.വി.ശശികുമാരൻ നായർ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ അടൂർ പ്രകാശ് എം.പി, വൈസ് ക്യാപ്റ്റൻ എം.വിൻസന്റ് എം.എൽ.എ, സി.ആർ.മഹേഷ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, മുൻ എം.പി രമ്യ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.