കൊല്ലം: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ കർശന നിർദ്ദേശങ്ങൾ നൽകിയതായി റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് അറിയിച്ചു. കരിമരുന്ന് പ്രയോഗത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിശബ്ദ മേഖലകളിൽ 100 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കരുത്. അംഗീകൃത ലൈസൻസികളിൽ നിന്നുള്ള നിയമ പ്രകാരമുള്ള പടക്കങ്ങളും മറ്റുമേ വാങ്ങാൻ പാടുള്ളു. കരിമരുന്ന് വസ്തുക്കൾ സുരക്ഷിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

നിബന്ധനകൾ പാലിക്കണം

പടക്കങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളിൽ അളവിൽ കൂടുതൽ പടക്കങ്ങൾ അനധികൃതമായി സൂക്ഷിച്ചാൽ പൊലീസ് നടപടി കൈക്കൊള്ളും. ലൈസൻസിൽ പറയുന്നതിന് വിരുദ്ധമായുള്ള പടക്കങ്ങൾ വിൽപ്പന നടത്തുക, അനുവദനീയമായ ഡെസിബലിന് മുകളിൽ ശബ്ദം പുറപ്പെടുവിക്കുന്ന നിരോധിച്ച കരിമരുന്ന് ഉത്പന്നങ്ങൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്താൽ നടപടി കൈക്കൊള്ളും. വഴിയോരങ്ങളിൽ അനധികൃതമായി കരിമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കേസെടുക്കും.

സുരക്ഷിതമായി ദീപാവലി ആഘോഷിക്കാം. കരിമരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമടക്കം നിബന്ധനകൾ ഉണ്ട്. പാലിക്കാത്തവ‌ർക്കെതിരെ നടപടി കൈക്കൊള്ളും.

ടി.കെ.വിഷ്ണുപ്രദീപ്, റൂറൽ എസ്.പി