കൊല്ലം: കൊല്ലം ജവഹർ ബാലഭവനിൽ ബഹുനില ആസ്ഥാനമന്ദിര നിർമ്മാണത്തിനും ഓഡിറ്റോറിയം ശീതീകരണമുൾപ്പെടെയുള്ള നവീകരണ ജോലികൾക്കുമായി 2.60 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ധന-സാംസ്‌കാരിക വകുപ്പ് മേധാവികൾ എന്നിവരടങ്ങുന്ന കർമ്മസമിതി യോഗത്തിലാണ് തീരുമാനം.
70 വർഷത്തിലേറെ പഴക്കമുള്ള നിലവിലെ ആസ്ഥാന മന്ദിരത്തിന്റെ സ്ഥാനത്ത് മൂന്ന് നിലകളുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട നിർമ്മാണമാണ് ഇതിൽ പ്രധാനം. ഓഡിറ്റോറിയം ശീതീകരിച്ച് നവീകരിക്കുന്നതിനാണ് 60 ലക്ഷം. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നിർവ്വഹണ ഏജൻസി. സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റാണ് മേൽനോട്ടം വഹിക്കുന്നത്. ബാലഭവന്റെ പ്രവർത്തന ചരിത്രത്തിൽ വികസന-നിർമ്മാണ പദ്ധതികൾക്കായി ഇത്രയധികം തുക അനുവദിക്കുന്നത് ആദ്യമായാണ്. ഇതിന് പുറമെ ബാലഭവൻ സ്ഥിരജീവനക്കാരുടെ ശമ്പളകുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്യാൻ 55 ലക്ഷം അനുവദിച്ചിരുന്നു.
കൊല്ലത്തിന്റെ ശ്രദ്ധേയ കലാപരിശീലന കേന്ദ്രമായ ബാലഭവന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഏറെ സഹായകരമാണിത്. ഇതിനു മുൻകൈയെടുത്ത സംസ്ഥാന സർക്കാരിനും മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, എം.നൗഷാദ് എം.എൽ.എ എന്നിവർക്കും ബാലഭവൻ മാനേജിംഗ് കമ്മിറ്റി യോഗം നന്ദി അറിയിച്ചു. യോഗത്തിൽ ചെയർമാൻ എസ്.നാസർ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ പ്രകാശ് ആർ.നായർ, അംഗങ്ങളായ ആനയടി പ്രസാദ്, പി.ടി. ജോസ്, ബീന സജീവ്, ഗിരിജ സുന്ദരൻ എന്നിവർ പങ്കെടുത്തു.