കരുനാഗപ്പള്ളി: തങ്ങൾ സ്കൂളിൽ കൊണ്ടുപോവുകയും തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്യുന്ന കുട്ടികളോടുള്ള വാത്സല്യം കരുതലോടെ പ്രകടിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ. കരുനാഗപ്പള്ളി ടൗൺ എൽ.പി.എസ്, ഗവ. യു.പി.ജി. സ്കൂളുകളിലെ ഏകദേശം 1500 ഓളം വിദ്യാർഥികൾക്കാണ് 40 ഓളം വരുന്ന ഓട്ടോ ഡ്രൈവർമാർ ചേർന്ന് തങ്ങളുടെ വരുമാനത്തിൽനിന്ന് മിച്ചം പിടിച്ച തുക ഉപയോഗിച്ച് ബിരിയാണി സദ്യ ഒരുക്കിയത്.
സ്കൂളിലെ കുട്ടികളെ സ്നേഹത്തോടെ പരിഗണിച്ച ഡ്രൈവർമാരോടുള്ള ആദരസൂചകമായി കരുനാഗപ്പള്ളി ഗവ. യു.പി.ജി. സ്കൂളിന്റെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർമാർക്ക് പ്രത്യേക അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ആഷിഖ് ഡ്രൈവർമാരെ അനുമോദിച്ചു. എസ്.എം.സി. ചെയർമാൻ അലക്സ് ജോർജ്ജ് അദ്ധ്യക്ഷനായി.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ റെജി ഫോട്ടോപാർക്ക്, ഡോ.പി. മീന, എ.ഇ.ഒ ആർ. അജയകുമാർ, ബി.പി.സി. ശ്രീകുമാർ, പ്രഥമാദ്ധ്യാപിക എസ്.ഐ. ജമീല, ജയപ്രഭാത്, പ്രീത, വി.നിത തുടങ്ങിയവർ സംസാരിച്ചു. സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഈ മാതൃക നാട്ടുകാർ ഏറ്റെടുത്തു.