കുണ്ടറ: പെരുമ്പുഴയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരും കുറ്റക്കാരെന്ന് പൊലീസ്. കഴിഞ്ഞ ജൂൺ 1നായിരുന്നു പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷന് സമീപം പത്മാലയത്തിൽ ഗോപാലകൃഷ്ണൻ (72) ഷോക്കേറ്റ് മരിച്ചത്.

വൈകിട്ട് വീടിന് സമീപത്തെ പറമ്പിൽ പുല്ല് അറക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മകൾ അശ്വതിക്കും വൈദ്യുതാഘാതമേറ്റിരുന്നു. അപകടത്തിന് 5 ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി ഇലക്ട്രിക് കമ്പികൾ പൊട്ടി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. പൊട്ടിയ കമ്പികൾ പൂർണമായും മാറ്റി സ്ഥാപിക്കാതെ വൈദ്യുതി കടത്തിവിട്ടതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും കുണ്ടറ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.